ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ നിയമന കേസില്‍ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഭക്ഷ്യമന്ത്രി രതിന്‍ ഘോഷിന്റെ വസതി ഉള്‍പ്പടെ പതിമൂന്ന് ഇടങ്ങളിലാണ് റെയ്ഡ്.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാം മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരിക്കെ രതിന്‍ ഘോഷ് നിയമനവുമായി ബന്ധപ്പെട്ട് കോടികള്‍ കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍ ഘോഷിന്റെ പങ്കാളിത്തം വ്യക്തമായതിന് പിന്നാലെയാണ് വസതിയുള്‍പ്പടെ പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് ഇഡിയുടെ വിശദീകരണം.
നേരത്തെ നിയമനക്കോഴക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ എംപിമാര്‍ പ്രതിഷേധം നടത്തിയിരുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ എംപി എസ് ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തുന്നു. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമാണ് റെയ്‌ഡെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ കേന്ദ്രസഹമന്ത്രിയും ആരക്കോണം എംപിയുമാണ് ജഗത് രക്ഷകന്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീട്ടില്‍ മുന്‍പും റെയ്ഡ് നടന്നിരുന്നു.