IndiaNEWS

ഭാര്യയില്‍നിന്നുള്ള ക്രൂരത, മാനസിക വേദന; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി. പിരിഞ്ഞുകഴിയുന്ന ഭാര്യ അയേഷ മുഖര്‍ജിയില്‍നിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. വര്‍ഷങ്ങളായി ഏകമകനില്‍നിന്നു വേര്‍പെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മര്‍ദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും ഡല്‍ഹി പട്യാല ഹൗസ് കോംപ്ലക്‌സിലെ കുടുംബ കോടതി വ്യക്തമാക്കി.

വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ധവാന്‍ ഭാര്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു കോടതി കണ്ടെത്തി. ഭാര്യ മാനസികമായ ക്രൂരതയ്ക്ക് ഇരയാക്കിയതായി ധവാന്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. 2012 ഒക്ടോബറിലാണ് അയേഷ മുഖര്‍ജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തില്‍ അയേഷയ്ക്കു രണ്ടു പെണ്‍മക്കളുണ്ട്.

Signature-ad

കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ധവാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നിരുന്നു. ”ഒരു കാര്യത്തിലെ അന്തിമ തീരുമാനം സ്വയം എടുക്കേണ്ടതാണ്, അതില്‍ ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ ആര്‍ക്കെതിരെയും വിരല്‍ ചൂണ്ടുന്നില്ല. എന്റെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നാളെ എനിക്കു മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാല്‍ എനിക്ക് അക്കാര്യത്തില്‍ കൂടുതല്‍ വിവേകത്തോടെ തീരുമാനമെടുക്കാനാകും. എങ്ങനെയുള്ള പെണ്‍കുട്ടിയെയാണ് എനിക്കു വേണ്ടതെന്നു എനിക്കു തന്നെ മനസ്സിലാക്കാന്‍ സാധിക്കും.” ധവാന്‍ പ്രതികരിച്ചു.

അതേസമയം, ധവാന്റെയും അയേഷയുടേയും മകന്‍ ആര്‍ക്കൊപ്പം ജീവിക്കുമെന്ന കാര്യത്തില്‍ കോടതി നിലപാടെടുത്തില്ല. മകനെക്കാണാനും ആവശ്യമുള്ളപ്പോള്‍ വീഡിയോ കോള്‍ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നല്‍കിയിട്ടുണ്ട്. മക്കള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് അയേഷ മുഖര്‍ജി താമസിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.

 

Back to top button
error: