KeralaNEWS

നിയമസഭയിലേക്ക് മത്സരിക്കാനും വിമുഖതയില്ല; തരൂര്‍ നയം വ്യക്തമാക്കുന്നു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖതയില്ലെന്നും അദ്ദേഹഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേത്ത് മത്സരിച്ചിരുന്ന ശശി തരൂര്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തന്റെ മുന്നിലുള്ളത് ലോക്‌സഭ തെരഞ്ഞെടുപ്പ് തന്നെയാണെന്ന് വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടരവര്‍ഷം ബാക്കിയുണ്ടല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം തന്റെ മുന്നിലുള്ളത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസിനായി തരൂര്‍ തന്നെയാകും ജനവിധി തേടുകയെന്ന് വ്യക്തമായി. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയത്തില്‍ പുതുതലമുറയ്ക്കായി താന്‍ വഴി മാറിക്കൊടുക്കുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.

Signature-ad

ചെറുപ്പക്കാര്‍ കൂടുതലുള്ള രാജ്യത്ത് അവര്‍ക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണമെന്നും തരൂര്‍ പറഞ്ഞു. കേരളമാണ് തന്റെ കര്‍മഭൂമി. ശേഷകാലം ഇവിടെയാണ് ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖല മുന്നിലില്ല. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കിയുള്ളതിനാല്‍ ആ സമയത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് മത്സരിക്കുന്നത് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

2009 മുതല്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭ അംഗമാണ് ശശി തരൂര്‍. സിപിഐയില്‍നിന്നാണ് തരൂര്‍ 2009ല്‍ മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. 2014ല്‍ ബിജെപി നേതാവ് ഒ രാജഗോപാലിന്റെ ശക്തമായ വെല്ലുവിളി മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് തെരഞ്ഞെടുപ്പുകളിലും ആധികാരിക വിജയമായിരുന്നു തരൂര്‍ നേടിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്തായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഭൂരിപക്ഷം.

അതേസമയം, ഇത്തവണ തരൂരിനെതിരെ കേന്ദ്ര മന്ത്രിയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് ചന്ദ്രശേഖറോ, നിര്‍മല സീതാരാമനോ ജനവിധി തേടിയേക്കുമെന്നാണ് അഭ്യൂഹം. ബിജെപി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റുകളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം തന്നെ ജില്ലയിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

 

Back to top button
error: