IndiaNEWS

കുറ്റക്കാരനെന്ന ഉത്തരവ് സ്റ്റേചെയ്യണം; മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍. കുറ്റക്കാരനാണെന്ന് ഉത്തരവുകൂടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഫൈസലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാകും. ഹര്‍ജി ഒക്ടോബര്‍ 9ന് സുപ്രീംകോടതി പരിഗണിക്കും.

മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട ജനുവരി 11 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നലെ അറിയിച്ചത്.

Signature-ad

വധശ്രമ കേസില്‍ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് തയാറായില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ഏതെങ്കിലും കുറ്റത്തിനു രണ്ടുവര്‍ഷത്തിനുമേല്‍ തടവിനു ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യനാകും.

2009 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഫൈസലും മറ്റു മൂന്നു പ്രതികളും കുറ്റക്കാരാണെന്നു വിചാരണ കോടതി വിധിച്ചത്.

 

Back to top button
error: