തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണക്കേസുമായി പരസ്പരബന്ധമുണ്ടെന്ന് അനില്‍ അക്കര. കൊടകര കുഴല്‍പ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിനാണ് മുഖ്യമന്ത്രിയുമായി എം.കെ.കണ്ണന്‍ ചര്‍ച്ചനടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു.
കരുവന്നൂര്‍ വിഷയത്തില്‍ ഇന്നലെവരെയില്ലാത്ത ആവേശമാണ് സിപിഎമ്മിന്. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തുകയാണ്. എന്തിനാണ് ആരോപണവിധേയനായ ആളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി മാത്രമാകില്ല ചര്‍ച്ചയില്‍ പങ്കെടുത്തത്. കരുവന്നൂര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫണ്ടിങ് അല്ല ചര്‍ച്ചയായത്. എങ്ങനെ ഒത്തുതീര്‍പ്പിലെത്താമെന്നതായിരുന്നു ചര്‍ച്ചയെന്ന് അനില്‍ അക്കര ആരോപിച്ചു.
”കരുവന്നൂരൂം കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അതുകൊണ്ട് രണ്ടുകേസും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ശ്രമിക്കുകയാണ്. കൊടകര കുഴല്‍പ്പണ കേസിലെ പ്രതി ദീപക് ശങ്കരന്‍ ബിജെപിക്കാരനെന്നു ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ സംഭവത്തിന്റെ അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കു പോയില്ല. അതിന്റെ കാരണം കൊടകര കേസിലെ പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനല്ലൂര്‍ സഹകരണ ബാങ്കായതിനാലാണ്. കുട്ടനല്ലൂര്‍ ബാങ്കില്‍ വലിയ വായ്പാ കൊള്ളയാണ് നടന്നത്. കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയുടെയും ഭാര്യയുടെയും പേരില്‍ കുട്ടനല്ലൂര്‍ സഹകരണ ബാങ്കില്‍നിന്ന് വ്യാജമായി വായ്പ നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരന്‍ സതീഷ്‌കുമാറാണ് ഈ ഇടപാടിനു പിന്നില്‍.
കൊടകര കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ഥത്തില്‍ ചെല്ലേണ്ടത് കുട്ടനല്ലൂര്‍ സഹകരണ ബാങ്കിലേക്കാണ്. ഡിവൈഎഫ്‌ഐ നേതാവ് പ്രസിഡന്റായ ബാങ്കില്‍നിന്നാണ് വ്യാജവായ്പ നല്‍കിയിട്ടുള്ളത്. ഇതു കുട്ടനല്ലൂര്‍ ബാങ്കില്‍ കുഴല്‍പ്പണക്കാര്‍ക്ക് വലിയ ബന്ധം ഉണ്ടെന്നതിന്റെ തെളിവാണ്. ഒരു പരിചയവുമില്ലാത്ത ആളിന്റെ ആധാരംവച്ചാണ് പണമെടുത്തത്. കുഴല്‍പ്പണക്കേസില്‍ ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ ബിജെപി മാത്രമല്ല സിപിഎമ്മും പ്രതിയായേനെ. അതുകൊണ്ടാണ് അന്വേഷണം നിലച്ചത്.
കരുവന്നൂര്‍ അന്വേഷണം കുട്ടനല്ലൂര്‍ ബാങ്കിലേക്കും എത്തിയതായാണു വിശ്വാസം. സിപിഎം പ്രതിരോധത്തിലാകുമെന്നതിനാലാണ് കരുവന്നൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെവരെയില്ലാത്ത ആവേശം സിപിഎമ്മിനുള്ളത്.” അനില്‍ അക്കര ആരോപിച്ചു.