തിരുവനന്തപുരം: ട്രെയിനുകളില്‍ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്ന രണ്ടു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മിര്‍സാപുര്‍ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരെയാണ് ആര്.പി.എഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് സ്വര്‍ണപാദസരം ഉള്‍പ്പെടെ ഇവരില്‍നിന്ന് ഒന്‍പത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. 16 പവനോളം വരുന്ന ഇവയ്ക്ക് ആറുലക്ഷം രൂപ വിലവരും. ഇവരെ മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി.
തിരുവനന്തപുരം-ഗോവ റൂട്ടിലെ ട്രെയിനുകളില്‍ രാത്രി യാത്രക്കാര്‍ ഉറങ്ങുമ്പോഴാണ് ഇവര്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. സെപ്റ്റംബര്‍ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യുവതിയുടെ ഒന്നേകാല്‍പ്പവന്‍ വരുന്ന പാദസരം കവര്‍ന്നു. പിറ്റേദിവസം ഓഖ എക്സ്പ്രസില്‍ എറണാകുളം മരട് സ്വദേശിനിയുടെ ഒന്നരപ്പവന്‍ പാദസരവും നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ആര്.പി.എഫ്. പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു.
രണ്ടു യുവതികളും നല്കിയ സൂചനകളും കായംകുളത്തെ സി.സി.ടി.വി. ദൃശ്യവും കേന്ദ്രീകരിച്ച് ആര്.പി.എഫ്. അന്വേഷണം തുടങ്ങി. അതിനിടയില്‍ മംഗളൂരുവില്‍ മൂന്നാമത്തെ മോഷണശ്രമവും നടന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
ഉത്തര്‍പ്രദേശില്‍നിന്ന് വിമാനമാര്‍ഗം ഗോവയിലെത്തിയശേഷം അവിടെനിന്ന് തിരുവനന്തപുരംവരെയും തിരിച്ചും രാത്രി ട്രെയിനുകളില്‍ യാത്ര ചെയ്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇവര്‍ രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടത്തിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. മോഷണമുതലുമായി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവെയാണ് ആര്.പി.എഫ്. ഇവരെ പിടിച്ചത്.