എന്തുകൊണ്ടാണ് ചീട്ടുകളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
തിരുവനന്തപുരം : നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലായതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സോഷ്യല്‍ മീഡിയ സൂപ്പര്‍ താരവും യു.എന്‍. ദുരന്തനിവാരണ വിഭാഗം മേധാവിയുമായ മുരളി തുമ്മാരുകുടി. പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടില്‍ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത് എന്നാണ് തുമ്മാരുകുടിയുടെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
”ചീട്ടുകളി എന്ന ‘മാരക’ കുറ്റകൃത്യം !
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ മുറിയെടുത്ത് അതിനുള്ളില്‍ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ‘ബ്രേക്കിംഗ് ന്യൂസ്’ ദൃശ്യങ്ങള്‍ കാണുന്നു.
വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീന്‍
അമ്പത് വര്‍ഷമായി കാണുന്ന സീനാണ്.
നാട്ടിന്‍ പുറത്തു മാവിന്റെ ചോട്ടില്‍ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവര്‍ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പൊലീസ്
അത്തരത്തില്‍ ഓടിപ്പോകുമ്പോള്‍ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തില്‍ ചീട്ടു കളി ‘പിടിക്കാന്‍’ പോയ ഒരു പൊലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സത്യത്തില്‍ എന്താണ് ഇവിടുത്തെ കുറ്റകൃത്യം
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടില്‍, ലോട്ടറി ഒക്കെ സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടും അതിന്റെ വില്പന തുടരാന്‍ അനുവദിക്കുകയും ആ വില്‍പ്പനയില്‍ നിന്നും സര്‍ക്കാര്‍ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടില്‍ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
പണ്ടേ മാറേണ്ട നിയമമാണ്”.
മുരളി തുമ്മാരുകുടി
പണം വച്ച് ചീട്ടുകളി സംഭവത്തില്‍ ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5.6 ലക്ഷം പിടിച്ചെടുത്തു. പണം വച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെത്തിയ കാറും പൊലീസ് പരിശോധിച്ചു.
യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി എസ്.ആര്‍. വിനയകുമാറിന്റെ പേരിലാണ് മുറി എടുത്തത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് എസ്.ആര്‍. വിനയകുമാര്‍. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാര്‍ട്ടേഴ്‌സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്നാണ് വിനയകുമാര്‍ പ്രതികരിച്ചത്.