KeralaNEWS

”ആരാണ് കോടിയേരിയുടെ വിലാപയാത്ര അട്ടിമറിച്ചത്; വിനോദിനിയുടെ സഹോദരന്റെ അറസ്റ്റ് യാദൃശ്ചികമാകാം”

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ അര്‍ഹിച്ചിരുന്ന വിലാപയാത്ര അട്ടിമറിച്ചത് ആരാണെന്ന ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം ചോദിച്ചത്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അര്‍ഹിച്ചിരുന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അഭിപ്രായപ്പെട്ടതാണ്. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് സഹധര്‍മിണി വിനോദിനി വെളിപ്പെടുത്തി. അപ്പോള്‍ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക?. വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനും യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എംഡിയുമായ എസ്.ആര്‍.വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമര്‍ശനം ഉയര്‍ന്നതാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അര്‍ഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.

ഇക്കാര്യത്തിലെ താല്‍പര്യം കുടുംബം നിലവിലെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധര്‍മ്മിണി തെല്ലു പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോള്‍ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക? ആരുടെ ധൃതിയാകാം കോടിയേരിക്ക് അര്‍ഹമായ ആ യാത്രാമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?

എന്തായാലും വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എം.ഡിയുമായ എസ്.ആര്‍.വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം. ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സിപിഎമ്മിലെ ജീര്‍ണ്ണതകളെ പറ്റി ആ പാര്‍ട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.

അതേസമയം, തലസ്ഥാനത്തു പണംവച്ച് ചീട്ട് കളിച്ച സംഭവത്തില്‍ 9 പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബിലായിരുന്നു ചീട്ടുകളി. തിരുവനന്തപുരം, കോട്ടയം, വര്‍ക്കല സ്വദേശികളാണു പിടിയിലായത്. ഇവരില്‍നിന്നു 5 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മ്യൂസിയം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്.ആര്‍.വിനയകുമാറിന്റെ പേരിലാണു മുറിയെടുത്തിരുന്നത് എന്നാണു പൊലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണു വിനയകുമാര്‍. ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നു വിനയകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

 

 

Back to top button
error: