കൊച്ചി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ശീതളപാനീയം നല്‍കി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേര്‍ന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്നു. കേസില്‍ പ്രതികളെ തിരയുന്നതായി എളമക്കര പോലീസ് അറിയിച്ചു.
അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിന്‍, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവന്‍ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുണ്‍ (34) എന്നാണ് പ്രതികള്‍ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകള്‍. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ 24-നായിരുന്നു സംഭവം.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ കൊച്ചിയിലെത്തി. സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.
ഹോട്ടലില്‍നിന്ന് പുറത്തേക്കിറങ്ങിയ യുവതി, ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജീവനക്കാര്‍ വൈകിട്ട് മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. കൊച്ചിയിലുള്ള ബന്ധുവിന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ തൊട്ടടുത്ത ദിവസം പൊലീസിനെ സമീപിച്ചു. ഹോട്ടലിലെ സി.സി ടിവി ദൃശ്യം ശേഖരിച്ചെങ്കിലും യുവതി മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയ നിലയിലാണ്. വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.