ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്.
തീവ്ര സിഖ് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു.
ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്താന്‍ അനുകൂലികള്‍ പറഞ്ഞു. യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയോ പ്രതികരണം വന്നിട്ടില്ല.