അബുദാബി: യുഎഇയില്‍ സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴില്‍ കരാറിലെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല.
വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാതെ മറ്റിടങ്ങളില്‍ ജോലി ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാനും അനുമതിയുണ്ട്. വിവിധ നിയമലംഘനങ്ങളില്‍ തൊഴില്‍ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം.
വ്യാജ രേഖകള്‍ നല്‍കിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂര്‍വം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം.
ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിടാം. തൊഴില്‍ കരാറിലെ അടിസ്ഥാന നിയമങ്ങള്‍ ലംഘിച്ചാല്‍ രേഖാമൂലം താക്കീത് നല്‍കണം. 2 തവണ മുന്നറിയിപ്പു നല്‍കിയിട്ടും ലംഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കുന്നവര്‍ക്കും ജോലി പോകും.
ജോലിസമയത്ത് ലഹരി ഉപയോഗിക്കുകയോസദാചാര വിരുദ്ധമായി പെരുമാറുകയോ ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലുടമ, മാനേജര്‍, വകുപ്പ് തലവന്‍മാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ കയ്യേറ്റം ചെയ്താലും വിസ റദ്ദാക്കി ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.
തക്കതായ കാരണങ്ങളില്ലാതെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതും വിനയാകും. വര്‍ഷത്തില്‍ 20 ദിവസത്തില്‍ കൂടുതല്‍ പലപ്പോഴായി ജോലിയില്‍നിന്ന് വിട്ടുനിന്നാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാം. ഒരാഴ്ച തുടര്‍ച്ചയായി ജോലിയില്‍നിന്ന് മുങ്ങുന്നവരെയും പിരിച്ചുവിടാം. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും ധനസമ്പാദനത്തിനും വേണ്ടി പദവി ദുരപയോഗം ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കാനാകും.