തിരുവനന്തപുരം: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്കി സിപിഎം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. ഈ വിഷയത്തില്‍ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിര്‍ദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
സിപിഎം നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ട*!*!*!ോബര്‍ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുന്‍പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് ഇതര കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിര്‍വാഹക സമിതിയും തീരുമാനിച്ചത്. അതിനു വിരുദ്ധമായ തീരുമാനം ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.