ഐഎസ്എൽ റഫറിമാർക്കെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും വരാറുണ്ട്. എന്തെന്നാൽ അത്രയേറെ അബദ്ധങ്ങളും പിഴവുകളുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് പറ്റാറുള്ളത്. പിഴവുകൾ മാനുഷിക സഹജമാണെങ്കിലും ഐഎസ്എല്ലിൽ അങ്ങനെയല്ല. തുടർച്ചയായി അബദ്ധങ്ങൾ പറ്റാറുണ്ട്,വലിയ മണ്ടത്തരങ്ങൾ പോലും സംഭവിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതുപോലും ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇത്തവണയും മാറ്റങ്ങൾ ഒന്നും ഐഎസ്എല്ലിൽ സംഭവിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിലെ ചില തീരുമാനങ്ങളിൽ റഫറിമാർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ വലിയ വിവാദപരമായ സംഭവങ്ങൾ ഒന്നും റഫറിയുടെ ഭാഗത്ത് നിന്ന് ആ മത്സരത്തിൽ ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്നലെ ഒരു മുട്ടൻ കോമഡി ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ആ മത്സരത്തിന്റെ അവസാനത്തിൽ സോൾ ക്രെസ്പോയും എമിൽ ബെന്നിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു.തുടർന്ന് ഈസ്റ്റ് ബംഗാൾ താരമായ ക്രെസ്പോക്ക് യെല്ലോ കാർഡ് ലഭിച്ചു.
ഇതേസമയം തന്നെ ജംഷഡ്പൂരിന്റെ മലയാളി താരമായ എമിൽ ബെന്നിക്ക് റെഡ് കാർഡ് ആണ് റഫറി നൽകിയത്.ഇതെന്ത് നീതി എന്ന നിലയിൽ ഈ താരം കുറച്ചുനേരം കളിക്കളത്തിൽ തുടർന്നുവെങ്കിലും പിന്നീട് കളം വിടുകയായിരുന്നു.അങ്ങനെ ടണലിലേക്ക് പ്രവേശിക്കാൻ നിൽക്കുന്ന സമയത്താണ് റഫറിയുടെ മനസ്സ് മാറുന്നത്.അദ്ദേഹം ഈ താരത്തെ തിരികെ വിളിക്കുകയായിരുന്നു. എന്നിട്ട് റെഡ് കാർഡ് പിൻവലിച്ച് യെല്ലോ കാർഡ് നൽകി.
റഫറിയുടെ ഈ സംശയകരമായ തീരുമാനങ്ങൾ എല്ലാവരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.സാ ധാരണ കാർഡ് മാറിക്കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത് അങ്ങനെയല്ല. റഫറിക്ക് ഒരു യഥാർത്ഥ തീരുമാനമെടുക്കാൻ സാധിക്കാതെ പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സംഭവം ഇപ്പോൾ ഐഎസ്എല്ലിൽ വലിയ ചർച്ചയായിട്ടുണ്ട്.