CrimeNEWS

പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതിമാരെ ഒരാഴ്ചമുമ്പ് ‘പുറത്താക്കി’ സി.പി.എം.

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ദമ്പതികളെ ഒരാഴ്ചമുമ്പ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എ.വി. റസ്സല്‍. അതേസമയം, കേസില്‍ കൂടുതല്‍പേരെ പോലീസ് ചോദ്യംചെയ്തു. ഒന്നാംപ്രതി തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു (27), രണ്ടാംപ്രതി വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത്(35) എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയുമാണ് ചോദ്യംചെയ്തത്. അനന്തുവിന് എതിരേ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ല.

കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍അംഗവുമാണ്. സ്ഥാപനത്തിലെ രജിസ്റ്ററും മറ്റും പരിശോധിച്ച് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അനന്തു ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാണെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ജീവനക്കാരായ കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അടച്ചില്ല.

Signature-ad

ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു. ഇതിനായി 55 പണയഉരുപ്പടികളിലാണ് ക്രമക്കേടുനടത്തിയത്. കൃഷ്‌ണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരില്‍ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വര്‍ണം പണയംവെച്ചതായി കൃതൃമരേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സ്ഥാപനം നടത്തിയ ഓഡിറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടമ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സി.സി. ടി.വി. ക്യാമറകള്‍ക്ക് കേടുവരുത്തി. തെളിവുകള്‍ നശിപ്പിച്ചു. ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാകേഷിന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തത്.

അതിനിടെ, കൃഷ്‌ണേന്ദുവിന്റെയും അനന്തു ഉണ്ണിയുടെയും തെറ്റായ സാമ്പത്തിക ഇടപാടിനെക്കുറിച്ച് പാര്‍ട്ടിക്ക് നാളുകള്‍ക്ക് മുമ്പേ വിവരം ലഭിച്ചിരുന്നതായി ആരോപണമുണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് വ്യക്തമാകുകയും ചെയ്തു. എന്നാല്‍, പോലീസില്‍ അറിയിക്കാനോ നിയമനടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറായില്ല. അനന്തു ഉണ്ണിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരുകേസ് പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു.

Back to top button
error: