NEWSSocial Media

മെട്രോ ട്രെയിനിലിരുന്ന് ബീഡി വലിച്ച് വല്ല്യപ്പച്ചന്‍; കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍

ന്യൂഡല്‍ഹി: മെട്രോ ട്രെയിനിനുള്ളിലിരുന്ന് വയോധികന്‍ ബീഡി കത്തിച്ചുവലിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡി.എം.ആര്‍.സി.

മെട്രോ ട്രെയിനുള്ളിലിരുന്ന് ബീഡി കത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും ആരാണെന്ന് കണ്ടെത്തണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിശദീകരണവും ഒപ്പം യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയത്. മെട്രോ സ്റ്റേഷനിലും ട്രെയിനിലും അപകടകരമായ രീതിയില്‍ യാത്രക്കാര്‍ പെരുമാറുന്നത് സംബന്ധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ് സംഘം മിന്നല്‍ പരിശോധന നടത്താറുണ്ടെന്ന് ഡിഎംആര്‍സി അറിയിച്ചു.

Signature-ad

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ യാത്രക്കാര്‍ ഉടന്‍ തന്നെ സംഭവം ശ്രദ്ധയില്‍പ്പെടുത്തണമെന്നും അങ്ങനെയാണെങ്കില്‍ അപ്പോള്‍ തന്നെ നടപടിയെടുക്കാമെന്നും ഡിഎംആര്‍.സി പ്രസ്താവനയില്‍ പറഞ്ഞു. മെട്രോ സ്റ്റേഷനിലും പരിസരത്തും ട്രെയിനിലും പുകവലിക്കുന്നത് നിരോധിച്ചതാണെന്നും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ്.ഇതിനാല്‍ തന്നെ ട്രെയിനിനുള്ളില്‍ പുകവലിച്ചയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

കഴിഞ്ഞദിവസമാണ് യാത്രക്കാരിലൊരാള്‍ ബീഡി വലിക്കുന്നതിന്റെ ദൃശ്യം വൈറലായത്. തിരക്കേറിയ ദില്ലി മെട്രോ ട്രെയിനുള്ളില്‍ വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലിരിക്കുന്ന വയോധികനായ യാത്രക്കാരന്‍ കൈയിലുണ്ടായിരുന്ന ബീഡി തീപ്പെട്ടികൊണ്ട് കത്തിച്ച് വലിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബീഡി കത്തിക്കുമ്പോള്‍ ഇയാളെ ആരും തടയാന്‍ ശ്രമിക്കുന്നില്ല. ബീഡി കത്തിച്ചശേഷം തീപ്പെട്ടി പാന്റിന്റെ പോക്കറ്റിലേക്ക് തിരിച്ചുവെക്കുന്നുണ്ട്. ഇതിനുശേഷം ബീഡി കൈയില്‍പിടിച്ചുകൊണ്ടിരിക്കെ തന്നെ മറ്റൊരു യാത്രക്കാരന്‍ ബീഡി വലിക്കാന്‍ പാടില്ലെന്ന് ഉടനെ പറയുന്നുമുണ്ട്. ഇതിനുശേഷം എന്താണ് നടന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല.

യാത്രക്കാരിലൊരാളെടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതോടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നത്. പൊതുസ്ഥലത്ത് പുകവലിക്കുന്നത് കുറ്റമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ മെട്രോ ട്രെയിനുള്ളിലിരുന്ന് പുകവലിക്കുന്നത് അതിനേക്കാള്‍ വലിയ കുറ്റകൃത്യമാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലുയരുന്ന ആവശ്യം. വയോധികന്‍ ഓര്‍മയില്ലാതെ വലിച്ചുപോയതായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡല്‍ഹി മെട്രോക്കുള്ളില്‍ യാത്രക്കാര്‍ തമ്മിലുള്ള പല സംഭവങ്ങളും ഇതിന് മുമ്പ് വൈറലായിട്ടുണ്ടെങ്കിലും പുകവലിക്കുന്ന സംഭവം അപൂര്‍വമാണ്.

 

Back to top button
error: