NEWSWorld

കാനഡ ഭീകരരുടെ താവളം, ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

കൊളംബോ: നയതന്ത്ര സംഘര്‍ഷത്തില്‍ കാനഡയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തി.

”ചില ഭീകരര്‍ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അലി സാബ്രി പറഞ്ഞു.

Signature-ad

”ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുക.” -അലി സാബ്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഖലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെയും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നു ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു കഴിഞ്ഞയാഴ്ച വീഡിയോ സന്ദേശത്തില്‍ ഭീഷണി മുഴക്കിയിരുന്നു.

 

Back to top button
error: