കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞ പുതച്ച ഗാലറിക്കു കീഴെ സീസണിലെ ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.ചിരവൈരികളായ ബംഗളൂരു എഫ്സിയെ 2-1ന് തകർത്തുകൊണ്ടായിരുന്നു ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സ് ആഘോഷമാക്കിയത്.
ഇരച്ചു പെയ്ത മഴക്കൊപ്പമാണ് കിക്കോഫ് വിസില്‍ മുഴങ്ങിയതെങ്കിലും 2023-2024 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല. തിങ്ങിനിറഞ്ഞ കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം.
ബ്ലാസ്റ്റേഴ്സിനായി സൂപ്പർ താരം അഡ്രിയാൻ ലൂണ ലക്ഷ്യം കണ്ടപ്പോൾ കെസിയ വീൻഡോർപിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി ആശ്വാസ ഗോൾ നേടി.കളിയുടെ അവസാന നിമിഷങ്ങളിലാണ് ബംഗളൂരു ഒരു ഗോള്‍ മടക്കിയത്.
ബംഗളൂരിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതെങ്കിലും 17 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിലാണ് സെല്‍ഫ് ഗോളിന്റെ പിറവി. കെസിയ വീന്‍ഡ്രോപിന്റെ ഷോട്ടാണ് സെല്‍ഫായി കലാശിച്ചത്.
69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്.90ാം മിനിറ്റില്‍ കര്‍ടിസ് മെയ്‌നാണ് ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.
കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ തങ്ങളെ കണ്ണീര്‍കുടിപ്പിച്ച ചിരവൈരികളായ ബംഗളുരു എഫ്‌സിയെ തങ്ങളുടെ തട്ടകത്തില്‍ വിളിച്ചുവരുത്തി ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സ് ആ കണക്കുതീര്‍ത്തു.