അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയം? സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍
കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പ്രമുഖ വ്‌ളോഗർ മല്ലു ട്രാവലർ എന്ന് അറിയിപ്പെടുന്ന ഷക്കീർ സുബാൻ. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീർ സുബാൻ തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കൊച്ചിയിലെ അബദ് പ്ലാസയിൽ സംഭവ ദിവസം നടന്നത് എന്താണ് എന്നതാണ് ഷക്കീർ സുബാൻ വീഡിയോയിൽ വിവരിക്കുന്നത്.
ഷക്കീർ സുബാൻ വീഡിയോയിൽ പറയുന്നത് ഇങ്ങനെ
വാർത്തകൾ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയാണ് എൻറെ ജീവിതം. ഇത്തരം ഒരു വാർത്ത കാരണം പറയാൻ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാൽ ഇതിൻറെ സത്യവസ്ഥ ഞാൻ പറയാം. ഇൻസ്റ്റയിൽ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭർത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല ലിവിംഗ് ടുഗതർ ആണെന്നാണ് ഞാൻ അറിഞ്ഞത്.
അവരുമായി ആദ്യമായി കൊച്ചി ഹയാത്തിലെ കോഫി ഷോപ്പിൽ മീറ്റ് ചെയ്തത്. പിന്നീട് അവർ എൻറെ വീട്ടിലും വന്നിട്ടുണ്ട്. എൻറെ നമ്പർ അവർ വാങ്ങിയിരുന്നു. പയ്യനാണ് വാങ്ങിയത്. അവനുമായി മാത്രമാണ് എനിക്ക് വാട്ട്സ്ആപ്പ് കോൺടാക്റ്റ്. സൗദി യുവതിയുമായി ഒരു മെസേജും ഞാൻ അയച്ചിട്ടില്ല. അതിനിടെ കൊച്ചിയിൽ അടുത്തിടെ ഇൻഫ്യൂവൻസർമാരുടെ മീറ്റിംഗിൽ എത്തിയപ്പോൾ ഇവർ എന്നെ കാണാൻ വരട്ടെ എന്ന് ചോദിച്ചു. എന്നാൽ ഞാൻ തിരക്കിലാണ് എന്ന് പറഞ്ഞു. അന്ന് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിയോടെ രണ്ട് കൂടികാഴ്ചയ്ക്ക് ശേഷം ഏതാണ്ട് ഉറക്കം പിടിച്ച എൻറെ റൂമിലേക്ക് സൗദി യുവതിയും പങ്കാളിയും കയറിവന്നു.
ഞങ്ങൾ സംസാരിച്ചു. അവർ എൻറെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്. അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പെൺകുട്ടി സൗദിയിൽ നിന്നും വരുമ്പോൾ കൊണ്ടുവന്ന തുകയിലാണ് അവർ ജീവിച്ചത്. എന്നാൽ ആ തുക തീർന്നതോടെ അവർ തമ്മിൽ പ്രശ്നമായി. ഒരു സഹോദരൻ എന്ന നിലയിൽ പരിഹാരം ചോദിച്ചായിരിക്കും അവർ വന്നത് എന്നാണ് ഞാൻ കരുതിയത്. അതാണ് രാത്രി അകത്ത് കയറ്റിയത്.
അതിലെ പയ്യൻ ശരിക്കും പണിക്ക് പോകില്ല. അവൻ ഇപ്പോൾ പറയുന്നത് അവളെ മടുത്തു എനിക്ക് യൂറോപ്പിൽ വേറെ ഗേൾ ഫ്രണ്ട് ഉണ്ട് അവളുടെ കൂടെ പോകും എന്നാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്ന് ഇവൾ എന്ന് വരെ ഞാൻ പറഞ്ഞു. അതേ സമയം നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്തിനാണ് സൗദി യുവതിയും മലയാളി പയ്യനും പ്രേമം വിവാഹം എന്നൊക്കെ പ്രമോഷൻ ചെയ്യാൻ പോകുന്നത് അത് ഇരുരാജ്യങ്ങളെയും ബാധിക്കില്ലെ?, ശരിക്കും രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടിൽ സമ്മതിക്കുകയും ഇല്ല.
നിങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കൂ എന്ന് അടക്കം ഉപദേശിച്ചു. അപ്പോൾ അവൾ എന്നോട് പ്രൈവറ്റായി സംസാരിക്കണം എന്ന് പറഞ്ഞു. റൂമിൻറെ വാതിൽ ഒന്നും അടച്ചിരുന്നില്ല. പയ്യൻ പുറത്ത് ഇറങ്ങി നിന്നു. പെൺകുട്ടി പറഞ്ഞത് ഇതാണ് ഇനിക്ക് ഇവനെ മടുത്തു. ഞാൻ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കൾ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാൻ എൻറെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോൾ തന്നെ അയക്കുകയും ചെയ്തു. അതിൻറെ സ്ക്രീൻ ഷോട്ടുകളും ഉണ്ട്.
പിന്നീട് ഇരുവരുമായി സംസാരിച്ചപ്പോൾ അവർ പിരിയാൻ തീരുമാനിച്ചതായി മനസിലായി. അവർ മാനസികമായി വളരെ വിഷമത്തിൽ അയതിനാൽ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാൻ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഞാൻ താമസിച്ച ഹോട്ടലിൻറെ ലോബിയിൽ തന്നെ അവരെ ഇറക്കി ബൈ പറഞ്ഞു. ഇതാണ് അന്ന് സംഭവിച്ചത്.
ഞാൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണെങ്കിൽ അവരെ അതിന് ശേഷം ഞാൻ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോ ?. ആ പയ്യൻ വന്ന് ബഹളം വയ്ക്കുമായിരുന്നില്ലെ. ആ പെൺകുട്ടി ബഹളം വയ്ക്കുമായിരുന്നില്ലെ. മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി പൊലീസിൽ നൽകുന്നത്. ഇവർ പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ് കരുതുന്നത്. ഒരു ആണും പെണ്ണും ഒന്നിച്ച് വന്നതിൽ ഞാൻ എങ്ങനെ പെണ്ണിനെ മാത്രം പീഡിപ്പിക്കും. അവർ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്. തെളിവുകൾ ഞാൻ നിരത്തും. ഇപ്പോൾ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കും.
അതേ സമയം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് ഷക്കീർ സുബാനെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.