കണ്ണൂര്‍: കടമ്പൂര്‍ ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി.ജി സുധിക്കെതിരായ പോക്സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തി. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാന്‍ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ അധ്യാപകരും വിദ്യാര്‍ത്ഥിനിയുടെ മാതാവും അടക്കം 4 പേര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു.
സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുധാകരന്‍ മഠത്തില്‍, സഹ അധ്യാപകന്‍ സജി, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്. 2022 ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസില്‍ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. വിദ്യാര്‍ത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. ഒരുവിദ്യാര്‍ത്ഥിനിയുടെ മാതാവാണ് പരാതി നല്‍കിയത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതാണെന്ന് കണ്ടെത്തി. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നല്‍കിയ കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് എടക്കാട് സി ഐ പറഞ്ഞു.
അടുത്ത വര്‍ഷം സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് അധ്യാപകനെ കള്ളക്കേസില്‍ കുടുക്കിയത്. പോക്‌സോ കേസ് അവസാനിപ്പിച്ചിട്ടും അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.