CrimeNEWS

ആകാശ് തില്ലങ്കേരിയുടെ അറസ്റ്റിനെതിരേ പാര്‍ട്ടി കോട്ടയില്‍ പ്രതിേഷധം; സ്‌റ്റേഷനുമുന്നില്‍ തടിച്ചു കൂടിയവരില്‍ സി.പി.എമ്മുകാരും

കണ്ണൂര്‍: സൈബര്‍ പോരാളിയും കാപ്പാതടവുശിക്ഷയനുഭവിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയെ വീണ്ടും പൊലിസ് അറസ്റ്റു ചെയ്തതിനെതിരെ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ സി.പി.എമ്മില്‍ അതൃപ്തി പടരുന്നു. മകന്റെ നൂല്‍കെട്ടല്‍ നടക്കുന്ന ചടങ്ങിനിടെ ആകാശിനെ മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.

എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലടക്കം പന്ത്രണ്ടു കേസുകളില്‍ പ്രതിയായ ആകാശ്തില്ലങ്കേരിയെ വീണ്ടും കാപ്പചുമത്തിയാണ് ബുധനാഴ്ച്ച ഉച്ചയോടെ മുഴക്കുന്ന് സി.ഐ: സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരനായി കഴിയവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ആകാശ് ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ് വാറന്‍ഡുമായി പൊലിസെത്തിയത്.

Signature-ad

കുട്ടിയുടെ നൂല്‍കെട്ടല്‍ചടങ്ങിനിടെ ആകാശിനെ അറസ്റ്റു ചെയ്തത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആകാശിന്റെ സുഹൃത്തുക്കളും സി.പി.എം പ്രവര്‍ത്തകരായ പ്രദേശവാസികളും ഇതിനെതിരെ പ്രതിഷേധവുമായിരംഗത്തു വന്നു. സംഭവത്തിനു പിന്നില്‍ ആകാശിനെ വേട്ടയാടാനുള്ള ആസൂത്രിതനീക്കമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരായ സി.പി.എം പ്രവര്‍ത്തകരും മുഴക്കുന്ന് പൊലീസ് സ്റ്റേഷനു മുന്‍പില്‍ തടിച്ചു കൂടി.

ചടങ്ങില്‍ പങ്കെടുക്കാനാെത്തിയവരില്‍ ആരും ഭക്ഷണം കഴിക്കാതെയാണ് ആകാശിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്റ്റേഷനില്‍ തടിച്ചുകൂടിയത്. ഒടുവില്‍ സ്ഥിതി സംഘര്‍ഷാഭരിതമായതിനെ തുടര്‍ന്ന് ആകാശിനെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തികൊണ്ടു പൊലീസ് സ്ഥിതിഗതികള്‍ മയപ്പെടുത്തി. ആകാശിന്റെ പിതാവ് രവീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടവും പിരിഞ്ഞു പോയി. സ്ഥിതി ഗതികള്‍ ശാന്തമാക്കുന്നതിനായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലിസുകാര്‍ മുഴക്കുന്ന് സ്റ്റേഷനിലെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഒരു കാലത്ത് പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും ചാവാനും നടന്ന ആകാശ് തില്ലങ്കേരിയെ വേട്ടയാടുന്നതില്‍ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധമുണ്ട്്.

ആകാശിന്റെ പിതാവ് പാര്‍ട്ടി അംഗമാണ്. കുടുംബവും ബന്ധുക്കളുമെല്ലാം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ്. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ടു സി.പി.എം മുഴക്കുന്നില്‍ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തിയതിനു ശേഷം ഇവരില്‍ പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് അന്നത്തെ പൊതുയോഗത്തില്‍ സി.പി.എം നേതാക്കളായ പി.ജയരാജനും എം.വി ജയരാജനും പ്രസംഗിച്ചിച്ചത്.

മട്ടന്നൂരിലെ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളെ ഉള്‍പ്പെടെ പൊതുസമൂഹത്തത്തില്‍ അപമാനിക്കുന്ന വിധയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയതുമാണ് ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്.

ഇതേ തുടര്‍ന്നാണ് പൊലീസിനെ ഉപയോഗിച്ചു ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തുന്നതും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുന്നതും. ആറുമാസത്തെ തടവു കഴിഞ്ഞ് ആകാശ് പുറത്തിറങ്ങിയതിനു ശേഷമാണ് വീണ്ടും ജയിലറെ അക്രമിച്ച കേസില്‍ ജയിലില്‍ അടക്കാനുള്ള നീക്കങ്ങളുമായി പൊലിസ് മുന്‍പോട്ടുപോയത്. ഇതിനു ശേഷം ആകാശിനെതിരെ ചുമത്തിയ പുതിയ കുറ്റമാണിത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിക്കും സംഘത്തിനും എല്ലാവിധ സംരക്ഷണങ്ങളും പരോളുകളും നല്‍കുന്ന ആഭ്യന്തര വകുപ്പ് പാര്‍ട്ടിക്കായി ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ വേട്ടയാടുന്നത് ഇരട്ടത്താപ്പാണെന്ന് സി.പി.എമ്മില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്.

ആകാശ് തില്ലങ്കേരിയുമായി ബന്ധം നിലനിര്‍ത്തുന്നത് പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും പ്രാദേശിക നേതാക്കളില്‍ പലരും ഇപ്പോഴും ആകാശ് തില്ലങ്കേരിയെയും ബന്ധുക്കളെയും പിന്‍തുണയ്ക്കുന്നവരാണ്. എന്നാല്‍ ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചവരില്‍ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോയില്ലെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.

 

 

 

Back to top button
error: