KeralaNEWS

നിപ രോഗബാധ ; കുത്തനെ വിലയിടിഞ്ഞ് റമ്പുട്ടാൻ വിപണി

പത്തനംതിട്ട:നിപ ബാധിച്ച് കേരളത്തിൽ രണ്ടു പേർ മരിച്ചെന്ന വാർത്ത പരന്നതോടെ വിപണിയിൽ റമ്പുട്ടാന് കുത്തനെ വിലയിടിഞ്ഞു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും, കർണാടകത്തിലും റമ്പുട്ടാന് വില രണ്ടു ദിവസം കൊണ്ട് വൻതോതിലാണ് ഇടിഞ്ഞത്.
 ചുവപ്പ്, മഞ്ഞ നിറത്തിലുള്ള റംബുട്ടാന്‍ പഴങ്ങളാണ് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കൂടുതലായി വിൽപ്പനയ്ക്ക് എത്തുന്നത്.തമിഴ്നാട്ടിലെ

കോയമ്പത്തൂർ, ബര്‍ളിയര്‍, കല്ലാര്‍, കുന്നൂര്‍, അറുവങ്കാട്, ഊട്ടി ഉള്‍പ്പടെയുള്ള പഴവിപണന കേന്ദ്രങ്ങളില്‍ റമ്പുട്ടാൻ വിൽപ്പനയെ ‘നിപ’ വാർത്ത സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതോടെ റമ്പുട്ടാൻ കർഷകരും കച്ചവടക്കാരും  ദുരിതത്തിലായിരിക്കുകയാണ്. വിൽപ്പന നടക്കുന്നില്ല.പഴങ്ങൾ ചീത്തയായി പോകുന്നതായി കച്ചവടക്കാരും തോട്ടം ഉടമകളും പറയുന്നു.മെയ് പകുതി മുതൽ ഒക്ടോബർ വരെയാണ് ഇവ വിളവെടുക്കാൻ പാകമാകുന്നത്.കച്ചവടം കുറഞ്ഞതോടെ വിളവെടുക്കാൻ പാകമായ റമ്പുട്ടാൻ മരങ്ങളിലെയെല്ലാം പഴങ്ങൾ കറുത്ത് കൊഴിഞ്ഞുവീണ് നശിക്കുകയാണ്.പല കച്ചവടക്കാരും വില പറഞ്ഞുറപ്പിച്ചതിനു ശേഷം അഡ്വാൻസ് തുക മാത്രം നൽകിയാണ് മടങ്ങാറ്.ബാക്കി തുക വിളവെടുപ്പ് സമയത്ത് നൽകുമെന്നാണ് കരാർ.

Signature-ad

എന്നാൽ കച്ചവടം കുറഞ്ഞതോടെ കച്ചവടക്കാരും ഇത് ഉപേക്ഷിച്ച മട്ടാണ്.ഇതോടെ കേരളത്തിലെ പല റമ്പുട്ടാൻ കർഷകർക്കും ഈ‌ സീസൺ കണ്ണീരിന്റേതാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം  റമ്പുട്ടാനും നിപ്പയും തമ്മില്‍ നേരിട്ട്​ ബന്ധമൊന്നുമി​ല്ലെന്നും രോഗബാധിതരായ വവ്വാലുകൾ, സ്പർശിക്കുകയോ, കഴിക്കുകയോ ചെയ്ത റമ്പുട്ടാൻ മാത്രമേ രോഗ വ്യാപനത്തിന് ഇടയാക്കുകയുള്ളെന്നും ആരോഗ്യവിദഗ്​ധര്‍ വ്യക്​തമാക്കുന്നു.കേരളത്തിലെ ഏറിയ പങ്ക് തോട്ടങ്ങളിലും കായ പാകമാകുന്നതിന് മുൻപ് തന്നെ വലയിട്ടു മൂടുമെന്നതിനാൽ യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.സീസണിൽ തമിഴ്‌നാട്ടിൽ നിന്നടക്കം കച്ചവടക്കാരെത്തി വില പറഞ്ഞുറപ്പിച്ച്‌ വലയിട്ട മരങ്ങളിലെ പഴങ്ങൾ വവ്വാലുകൾ ഭക്ഷിക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.

സീസണിന്റെ ആരംഭത്തിൽ ദേശത്തും വിദേശത്തും ഒരു പോലെ ആവശ്യക്കാരുണ്ടായിരുന്ന റമ്പുട്ടാനെ നിപ ഇറങ്ങിയതോടെ മറുനാട്ടുകാരും കൈവിട്ട അവസ്ഥയാണ്.മൊത്ത കച്ചവടക്കാരും ഇപ്പോൾ റമ്പുട്ടാൻ വാങ്ങാൻ മടിക്കുകയാണ്.വവ്വാലുകളുടെ ഇഷ്ട ഭക്ഷണമാണ് റമ്പുട്ടാൻ പഴം.വാവലുകളാണ് നിപ പരത്തുന്നതെന്ന വാർത്ത പരന്നതോടെയാണ് ആളുകൾ ഇത് കഴിക്കാൻ മടിക്കുന്നത്.മരം മൊത്തമായി വലയിട്ട് പഴത്തെ സംരക്ഷിക്കുന്നുണ്ടെങ്കിലും പലരും ഇത് വാങ്ങാൻ മടിക്കുകയാണ്.

റബറിന് വില കുറഞ്ഞതോടെ പത്തനംതിട്ട, ഇടുക്കി ജില്ലയിലെ കർഷകർ കൂട്ടത്തോടെ റമ്പുട്ടാൻ കൃഷിയിലേക്ക് മാറിയിരുന്നു.പത്തും പന്ത്രണ്ടും ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയവരുണ്ട്.പതിനഞ്ച് വർഷം വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നും 50,000 രൂപ വരെ ലഭിക്കുകയും ചെയ്തിരുന്നു.അറേബ്യൻ രാജ്യങ്ങളിലുൾപ്പടെ ലക്ഷക്കണക്കിനു രൂപയുടെ റമ്പുട്ടാനാണ് പ്രതിവാരം ഇവിടങ്ങളിൽ നിന്നുമാത്രം കയറ്റിയയച്ചിരുന്നത്.എന്നാൽ കേരളത്തിൽ നിപ പടർന്നതായുള്ള വാർത്ത പരന്നതോടെ അവിടുത്തെ ഗവൺമെന്റുകളും ഇപ്പോൾ ഇതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിരാശയിലാണ് റമ്പുട്ടാൻ കർഷകരും കച്ചവടക്കാരും.

Back to top button
error: