കേരളത്തില്‍ ജോലി തേടി വരുന്ന 99.99 ശതമാനം അതിഥി തൊഴിലാളികളും നിവൃത്തികേടുകൊണ്ട് വരുന്നവരാണ്. അവരുടെ നാട്ടില്‍ ജോലിയോ അര്‍ഹമായ കൂലിയോ കിട്ടാത്തതുകൊണ്ട്. ‘അതിഥി’യെന്നു വിളിക്കുമ്പോഴും ആ വിളിക്കുള്ളിലും മലയാളി പുലര്‍ത്തുന്ന അകല്‍ച്ച മനസിലാക്കിക്കൊണ്ട് തന്നെ കേരളത്തിൽ ജീവിതോപധി തേടുന്നവര്‍.ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കേരളത്തില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിനടുത്തായി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായോ മറ്റ് അക്രമങ്ങള്‍ നടത്താനോ ഒന്നുമല്ല ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇങ്ങോട്ട് വരുന്നത്. തൊഴിലിനുവേണ്ടിയുള്ള കുടിയേറ്റം ഒരു സാമൂഹിക സാഹചര്യമാണ്.
കേരളത്തിന് വിവിധ സംസ്ഥാനങ്ങളുമായി കുടിയേറ്റ ഇടനാഴികളുണ്ട് (migration corridor). അതില്‍ തന്നെ ജില്ല കുടിയേറ്റ ഇടനാഴികളുമുണ്ട്. എറണാകുളം ജില്ലയിലുള്ള 80 ശതമാനത്തിലധികം തൊഴിലാളികളും പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്. അതില്‍ തന്നെ കൂടുതല്‍ പേരും മുര്‍ഷിദാബാദില്‍ നിന്നുള്ളവരും. അതിനു കാരണം എറണാകുളം ജില്ലയും മുര്‍ഷിദാബാദ് ജില്ലയും തമ്മില്‍ ഒരു കുടിയേറ്റ ഇടനാഴിയുണ്ട് എന്നതുകൊണ്ടാണ്. അല്ലാതെ, പ്രത്യേക ലക്ഷ്യംവച്ച് അവരിങ്ങോട്ട് വരുന്നതല്ല.എന്തുകൊണ്ട് എറണാകുളവും പെരുമ്പാവൂരുമൊക്കെ പ്രധാന കേന്ദ്രമാകുന്നുവെന്നാണ് സംശയകരമായ രീതിയില്‍ പലരും ചോദിക്കുന്നത്. സംസ്ഥാനം രൂപീകരിച്ച കാലം തൊട്ട് കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വരുന്നുണ്ട്. തുടക്കം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായിരുന്നവെങ്കില്‍ 90 കളുടെ പകുതിക്ക് ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1995 നുശേഷം ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വന്നു തുടങ്ങിയത്. അവരില്‍ കൂടുതല്‍ പേരും എറണാകുളം ജില്ലയിലേക്കായിരുന്നു വരുന്നത്. പ്ലൈവുഡിനു വേണ്ടിയുള്ള വനാധിഷ്ഠിത മരം മുറിക്കല്‍ ദേശീയതലത്തില്‍ നിരോധിച്ചതോടെ റബര്‍ ഉപയോഗിച്ച് പ്ലൈവുഡ് നിര്‍മിക്കുന്ന കേരളത്തിലെ പെരുമ്പാവൂര്‍ ഒരു പ്രധാന പ്ലൈവുഡ് നിര്‍മാണ വ്യവസായ കേന്ദ്രമായി മാറി. അങ്ങനെയാണ് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പെരുമ്പാവൂരിലേക്ക് വരാന്‍ തുടങ്ങിയത്.
തൊഴിലുടമകളെയും കോണ്‍ട്രാക്ടര്‍മാരെയും പോലെ ഇതര സംസ്ഥാനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സാധാരണക്കാരുണ്ട്; അവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നവര്‍. ആട്ടിന്‍കൂടുപോലുള്ള റൂമുകളില്‍ തലയെണ്ണി കാശുവാങ്ങി ഈ ഇതരസംസ്ഥാനക്കാരെ താമസിപ്പിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ കൂടുതല്‍ ആളുകള്‍ വരാന്‍ കാത്തിരിക്കുന്നവരാണ്.കൂടുതല്‍ ആളെ കിട്ടിയാല്‍ അത്രയും കാശാണ് കിട്ടുന്നതെന്ന് അവർക്കറിയാം.ഈ ബിസിനസ്സ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരുള്ള എല്ലായിടത്തും നടക്കുന്നതാണ്.
ഒരു മലയാളി വാടകയ്ക്ക് താമസിക്കുന്നതുപോലെയല്ല ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ വാടക ജീവിതം. നരകതുല്യമാണ് പലതും. ഒരു മുറിയില്‍ പത്തും ഇരുപതും പേരാണ് താമസിക്കുന്നത്. മലയാളി തനിക്ക് മാത്രമായി ഒരു മുറി വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഒരു ഇതരസംസ്ഥാനക്കാരന് വേണ്ടത് കിടക്കാന്‍ ഒരിടമാണ്. മാസം ഇരുപത്തിഅയ്യായിരത്തിനു മുകളിലൊക്കെ ഇത്തരത്തില്‍ ഇതരസംസ്ഥാനക്കാരെ കൊണ്ട് സമ്പാദിച്ചു കൂട്ടുന്ന മലയാളികളുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ക്കു മുകളിലോ സ്വന്തം വീടുകളോട് ചേര്‍ന്നോ ഒക്കെ ഇത്തരം വാടകയിടങ്ങള്‍ ഉണ്ടാക്കിയിടുന്നു. അതിലേക്ക് എത്രപേര്‍ വേണമെങ്കിലും വന്നോട്ടെ, കാശ് കിട്ടിയാല്‍ മാത്രം മതിയെന്നാണ് പലരുടെയും ചിന്ത.
തിരിച്ചറിയല്‍ രേഖകള്‍ പോലും പലരും നോക്കാറില്ല. 20 ഉം 30 ഉം പേരൊക്കെയാണ് ഒരു മുറിയില്‍ തന്നെ താമസിക്കുന്നത്. ഒരാളില്‍ നിന്നും രണ്ടായിരവും അയ്യായിരവുമൊക്കെ വാടകയും വാങ്ങും. ആളെണ്ണം വച്ച് തുക കൂട്ടി നോക്കിയാല്‍ ഒരു മാസം എത്ര രൂപയാണ് കിട്ടുന്നത്! ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേര്‍ക്ക് കൂടിയുള്ളത്. അവര്‍ക്ക് അതിലൊന്നും ഒരു പരാതിയുമുണ്ടാകില്ല. കൃത്യം തീയതിക്ക് വാടകയും കൊടുക്കും. അതുകൊണ്ട് എത്ര പേര്‍ വന്നാലും തങ്ങള്‍ക്ക് കുഴപ്പമില്ല, അത്രയും ലാഭം എന്നു കരുതുന്നവരാണ് മലയാളികള്‍. ഈ വരുന്നവരൊക്കെ ഏതു തരക്കാര്‍ ആണെന്ന അന്വേഷണം പോലും എങ്ങുമുണ്ടാകാറില്ല.
ഈ തൊഴിലാളികളില്‍ ഒരാള്‍ ആയിരിക്കും ആദ്യം താമസൗകര്യം അന്വേഷിച്ച് വരുന്നത്. അയാള്‍ പറഞ്ഞിട്ട് മറ്റൊരാള്‍ വരും, അവന്‍ പറഞ്ഞ് അടുത്തയാള്‍…ഇങ്ങനെയാണ് ആളുകൂടുന്നത്. ഈ വരുന്നരില്‍ ഒരു രേഖയും ഇല്ലാത്തവര്‍ ഉണ്ടാകും, ക്രിമിനലുകള്‍ ഉണ്ടാകും, കൊലപാതികളോ മോഷ്ടക്കളോ ഒക്കെ കാണും. ഇതൊന്നും വാടകയ്ക്ക് ഇവരെ താമസിപ്പിക്കുന്നവര്‍ അന്വേഷിക്കുന്നില്ല. തങ്ങളില്‍ ഒരു സംശയം ഉണ്ടാകാതിരിക്കാനും താമസസൗകര്യം നഷ്ടപ്പെടാതിരിക്കാനും വാടക കൃത്യമായി കൊടുക്കാന്‍ അവര്‍ തയ്യാറാകുന്നതുകൊണ്ട് ഇവരെ കുറിച്ച് യാതൊന്നും തന്നെ അന്വേഷിക്കാനും ഉടമസ്ഥന്‍ മെനക്കെടില്ല.
ഇത്തരം താമസ സ്ഥാലങ്ങളില്‍ കൃത്യമായി അന്വേഷണം നടത്താന്‍ ഭരണസംവിധാനങ്ങളും മെനക്കെടാറില്ല എന്നതാണ് വാസ്തവം.അതിനാൽ തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ ഉണ്ടാകുമ്പോഴെല്ലാം സര്‍ക്കാരും ഒപ്പം പ്രതിക്കൂട്ടിലാകും. കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഭരണകൂടമാണ് കേരളത്തിലേത്. വേതനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളി അവകാശങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ഇവർക്കായി ആവിഷ്‌കരിച്ചിട്ടുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്നതാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. അനധികൃതമായ ഒഴുക്ക് കേരളത്തിലേക്ക് സംഭവിക്കുന്നുണ്ടെന്നും തൊഴിലെടുക്കാനെത്തുന്നവരെ കൂടാതെ ക്രിമിനലുകളുടെ വരവ് ഉണ്ടാകുന്നുണ്ടെന്നും നിഷേധിക്കാനാവാത്ത ഒരു വാസ്തവം തന്നെയാണ്.കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രാമധീതമായ വര്‍ദ്ധനവ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. തൊഴില്‍ വകുപ്പ് ഉത്തരവാദിത്തപരമായ ഇടപെടല്‍ സംഘടിപ്പിക്കുമ്പോഴും കൃത്യമായൊരു ഡേറ്റ ബാങ്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.