KeralaNEWS

പി.പി.മുകുന്ദന്‍ അന്തരിച്ചു; വിടപറഞ്ഞത് പരിവാര്‍ പ്രവര്‍ത്തകരുടെ സ്വന്തം ‘മുകുന്ദേട്ടന്‍’

കൊച്ചി: സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും മകനായി ജനിച്ചു. പത്താംക്ലാസ് പഠനത്തിനുശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി. തൃശൂര്‍ പ്രചാരക് ആയിരിക്കെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തിരാവസ്ഥയില്‍ തടവിലാക്കപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചു.

Signature-ad

അനുപമമായ ആജ്ഞാശക്തി, ആകര്‍ഷകമായ പെരുമാറ്റം, നേതൃപാടവവും വ്യക്തിപ്രഭാവവും സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകമായി. വിഭിന്ന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും പ്രസ്ഥാനവുമായും പ്രത്യയശാസ്ത്രവുമായും അടുപ്പിക്കാന്‍ കഴിഞ്ഞു.
സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കെയാണ് 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം സംഘപ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള കഴിവ് അപരമായിരുന്നു.

1988 മുതല്‍ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പില്‍ക്കാലത്ത് ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നപ്പോഴും ആര്‍എസ്എസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്നു വാര്‍ത്തകള്‍ വന്നപ്പോഴും, താന്‍ അടിയുറച്ച ആര്‍എസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന്‍, 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി. പൊതുപ്രവര്‍ത്തക മികവിനുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രന്‍, പി.പി.ഗണേശന്‍, പരേതനായ കുഞ്ഞിരാമന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

Back to top button
error: