KeralaNEWS

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അഥവാ മുറിഞ്ഞപുഴ വെള്ളച്ചാട്ടം

കോട്ടയം-കുമളി അഥവാ കെ.കെ. റോഡില്‍(എൻ.എച്ച് 220)കുട്ടിക്കാനത്തിന് സമീപം  സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കിടയില്‍ മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇതിനു പേരുണ്ട്.

കുട്ടിക്കാനത്തേക്കുള്ള വഴിയില്‍ ഒരു നല്ല വളവിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. വര്‍ഷകാലത്ത് അതിശക്തമാകുന്ന ഈ വെള്ളച്ചാട്ടം വേനല്‍ക്കാലം ആകുമ്പോഴേക്കും ശോഷിക്കുന്നു. കുട്ടിക്കാനം മലനിരകളില്‍നിന്നാണ് ഉദ്ഭവം. വിനോദസഞ്ചാരികള്‍ക്ക് കുളിക്കാന്‍ സൗകര്യത്തിനുവേണ്ടി പ്രത്യേകം കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമുകള്‍ തീര്‍ത്തിട്ടുണ്ട്. കെ.കെ റോഡിലെ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ വെള്ളച്ചാട്ടം.
വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഈ വഴി കടന്നുപോകുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് വണ്ട‍ിനിര്‍ത്തി ഒരു ഫോട്ടോയെങ്കിലും പകര്‍ത്താതെ ആരും കടന്നുപോകാറില്ല. ഇടുക്കിയില്‍ എണ്ണിത്തീരാവുന്നതിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാമെങ്കിലും വളഞ്ഞങ്ങാനത്തിന് ഒരു പ്രത്യേകഭംഗി തന്നെയുണ്ട്.
ധാരാളം കുഞ്ഞുകടകളും ചായക്കടകളും ഉള്ളതിനാല്‍ പതിവുയാത്രക്കാരുടെ വിശ്രമസ്ഥലമാണിവിടം.ഐസ് പോലെ നല്ല  തണുത്ത വെള്ളച്ചാട്ടത്തില്‍ ഒരു കുളി പാസാക്കി. തണുപ്പകറ്റാന്‍ ചൂട് ചായയും കുടിച്ച് ബാക്കി യാത്ര ആരംഭിക്കാം.ഇവിടെനിന്ന് നാലു കി.മീ. കഴിയുമ്പോള്‍ കുട്ടിക്കാനം ടൗണായി.വാഗമണ്ണിലേക്കു പോകണോ,അതോ തേക്കടിയിലേക്കാണോ പോകേണ്ടതെന്ന് നിങ്ങൾക്കിവിടെ തീരുമാനിക്കാം.അല്ലെങ്കിൽ മൂന്നാറിന് പോകണോ അതോ ഗവിയിലേക്കാണോ പോകേണ്ടതെന്ന്.വഴി ഇവിടെ പിരിയുകയാണ്.
മഴക്കാലമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം.വെള്ളച്ചാട്ടം അതിന്റെ മുഴുവന്‍ ശക്തിയില്‍ എത്തുന്നത് ഈ സമയത്താണ്.അതുകൊണ്ടു തന്നെ അത് ആസ്വദിക്കുവാനായി എത്തിച്ചേരുന്നവരും ധാരാളമുണ്ട്. എന്നാല്‍ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ നിരവധിയുണ്ട്. മഴ പെയ്തകൊണ്ടിരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. കാട്ടില്‍ നിന്നു വരുന്ന വെള്ളച്ചാട്ടമാണെങ്കില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിലും ഉരുളിലും വെള്ളം ശക്തമായി ഒലിച്ചിറങ്ങുവാന്‍ സാധ്യതയുണ്ട്.കൂടാതെ  കല്ലുകളും മറ്റും വഴുക്കലുള്ളതാവുന്നതിനാല്‍ അതുകൂടി ശ്രദ്ധിക്കണം.

Back to top button
error: