KeralaNEWS

എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ  അടിയന്തര നടപടി സ്വീകരിക്കണം

കോട്ടയം:എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ  അടിയന്തര നടപടി സ്വീകരിക്കണമെന്ന്
വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി.

മുംബൈ–എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുണെ–എറണാകുളം ബൈ വീക്ക്‌ലി, മഡ്ഗാവ്–എറണാകുളം എക്സ്പ്രസ് എന്നിവ കോട്ടയത്തേക്ക് നീട്ടണമെന്നാണ് ആവശ്യം.

6 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകളൊന്നും കോട്ടയത്തിന് അനുവദിച്ചിട്ടില്ല.അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ജനങ്ങൾക്ക്.എന്നാൽ ക്രോസിങ്ങിനായി പിടിച്ചിടൽ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ല.ഇതു മാത്രമല്ല, മുൻപുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി.
6 പ്ലാറ്റ്ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ അടിസ്ഥാന കാര്യങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ ആവശ്യങ്ങളായി തുടരുന്നു.
രാവിലെ 6.30 മുതൽ 9 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാർ‌ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌.രാവിലെ 6.58ന് പാലരുവി എക്സ്പ്രസ്‌ കഴിഞ്ഞാൽ 8.25നുള്ള വേണാട് എക്സ്പ്രസാണ് കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ. ഇതിനിടയിൽ 7.27ന് വന്ദേ ഭാരത് എക്സ്പ്രസ്‌ കടന്ന് പോകുന്നതിനാൽ മുന്നേ പോകുന്ന പാലരുവി 25 മിനിറ്റോളം മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടും. വേണാട് എക്‌സ്‌പ്രസാകട്ടെ മിക്കപ്പോഴും അരമണിക്കൂറോളം വൈകിയാണ് കോട്ടയത്തെത്തുന്നത്.
6 പ്ലാറ്റ്ഫോമുകൾ വെറുതേ കിടക്കുന്ന കോട്ടയത്തു നിന്നും കൂടുതൽ സർവീസ് ആരംഭിച്ചാൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന എറണാകുളം – ബംഗളൂരു ഇന്റർസിറ്റി ഉൾപ്പെടെ  സമയമാറ്റമില്ലാതെ കോട്ടയത്തേക്ക് ദീർഘിപ്പിക്കാവുന്നതേയുള്ളൂ.പുലർച്ചെ കോയമ്പത്തൂർ എത്തുന്ന വിധത്തിൽ രാത്രിയിൽ കോട്ടയം-കോയമ്പത്തൂർ വന്ദേഭാരത് എക്സ്‌പ്രസും ഓടിക്കാവുന്നതേയുള്ളൂ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: