കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് രാഷ്ട്രീയവും വികസനവും മാത്രമായിരുന്നില്ല. യുഡിഎഫ് – എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ അതിനീചമായ സൈബര്‍ അധിക്ഷേപം ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചെരിപ്പിന്റെയും ഉടുപ്പിന്റെയും വില ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ ചര്‍ച്ചകള്‍ സൈബര്‍ ആക്രമണത്തിന് വഴിമാറി. ഇപ്പുറത്താകട്ടെ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസ് സൈബറിടത്തില്‍ ആക്ഷേപിക്കപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ധരിച്ച ടീഷര്‍ട്ടിന്റെ വില 4000 രൂപയാണെന്ന് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്റെ വസ്ത്രത്തിന്റെയും ചെരിപ്പിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. ഗൂചി, ഷനേല്‍, ഹെര്‍മ്മിസ് ഡിയോര്‍, എല്‍വി തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള അള്‍ട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മന്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബര്‍ അണികള്‍ ചോദിച്ചു.
ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് സൈബര്‍ ആക്രമണമായി മാറി. അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അച്ചു ഉമ്മന്റെ നിലപാട്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി, ഇപ്പോള്‍ മക്കളെ വേട്ടയാടുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഉമ്മന്‍ മറുപടി നല്‍കി.
എന്നാല്‍, ഉയര്‍ന്ന പദവിയിലിരിക്കുന്ന ഇടത് സംഘടനാ അനുകൂലി ഉള്‍പ്പെടെ ആക്ഷേപിച്ചതോടെ അച്ചു ഉമ്മന്‍ പരാതി നല്‍കി. ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന, സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച നന്ദകുമാര്‍ കൊളത്താപ്പളളിക്കെതിരെ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്. കേസെടുത്തതിനു പിന്നാലെ നന്ദകുമാര്‍ മാപ്പ് പറഞ്ഞു. നന്ദകുമാറിനെ പൊലീസ് ചോദ്യംചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വി എ അരുണ്‍ കുമാര്‍ നന്ദകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രഫഷനായി താന്‍ തെരഞ്ഞെടുത്തത് 2021 ഡിസംബറിലാണെന്ന് അച്ചു ഉമ്മന്‍ വിശദീകരിച്ചു. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ സൃഷ്ടിച്ച കണ്ടന്റുകള്‍ മികച്ച അഭിപ്രായം നേടി. അതുവഴി അനേകം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് തന്റെ ജോലി. ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് തനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഉറച്ചുനില്‍ക്കുന്നുവെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
അച്ചുവിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തത്തി. ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനം നടത്തിയിട്ടില്ല, അച്ചുവിന്റെ പേരില്‍ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സര്‍ക്കാര്‍ ഇടപാടുകളുടെ മധ്യസ്ഥത വഹിച്ചിട്ടില്ല, അച്ചുവിന്റെ മെന്റര്‍ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡാറ്റ കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടില്ല, വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നെല്ലാമാണ് വീണാ വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയത്.
അതിനിടെ, ജെയ്കിന്റ ഭാര്യ ഗീതു തോമസും സൈബറിടത്തില്‍ ആക്രമിക്കപ്പെട്ടു. ഫാന്റം പൈലി എന്ന അക്കൌണ്ടില്‍ നിന്നാണ് സൈബര്‍ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമാണ് താന്‍ വോട്ട് ചോദിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് മോശമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ മോശമായി കമന്റിട്ടു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപ തരംഗമുണ്ടാക്കാനാണ് ജെയ്ക് ശ്രമിക്കുന്നതെന്ന പ്രചാരണം മാനസികമായി ഏറെ വേദനിപ്പിച്ചെന്നും ഗീതു പറഞ്ഞു.
കഴിഞ്ഞ തവണയും താന്‍ ജെയ്കിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് വന്നതും ജെയ്ക് മത്സരിച്ചതും താന്‍ ഗര്‍ഭിണിയായി ഒന്‍പതാം മാസമായപ്പോഴാണെന്ന് ഗീതു വിശദീകരിച്ചു. കോട്ടയം എസ്പി ഓഫീസിലെത്തിയാണ് ഗീതു പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സൈബര്‍ ആക്രമണങ്ങളെ തള്ളിപ്പറയാന്‍ തയ്യാറായി. ഗീതുവിനെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ആരെയും ആക്രമിക്കില്ല. ആരെങ്കിലും കോണ്‍ഗ്രസുകാരന്റെ പേരില്‍ ചെയ്തിട്ടുണ്ടെങ്കിലേയുള്ളൂ. അത് ആരു ചെയ്താലും ശരിയല്ല. ഒരു വ്യക്തിയെയും, ഒരു സ്ത്രീയെയും വേദനിപ്പിക്കാന്‍ പാടില്ല. ആ വേദന 20 വര്‍ഷമായി അനുഭവിക്കുന്നവരാണ് തങ്ങളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളോ മുന്‍ മുഖ്യമന്ത്രിയുടെ മകളോ ആരുമാവട്ടെ, വ്യക്തിജീവിതത്തിലെ കാര്യങ്ങളല്ല തെരഞ്ഞെടുപ്പ് വിഷയമെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം.