KeralaNEWS

അരിക്കൊമ്പനെ തിരികെ എത്തിക്കാനുള്ള സമരത്തിന്റെ പേരില്‍ ഊരുവിലക്ക്; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 4 പേര്‍ക്ക് എര്‍പ്പെടുത്തിയ ഊരുവിലക്ക് പിന്‍വലിച്ചു. ചിന്നക്കനാലില്‍ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുല്‍ക്കുടി എന്നീ ആദിവാസി കുടികളില്‍ 4 പേര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.

ചെമ്പകത്തൊഴുക്കുടി സ്വദേശികളായ പാല്‍രാജ്, മകന്‍ ആനന്ദരാജ്, മോഹനന്‍, പച്ചക്കല്‍ക്കൂടി സ്വദേശി മുത്തുകുമാര്‍ എന്നിവരെയാണ് 16 ന് ചേര്‍ന്ന ഊരുകൂട്ടം വിലക്കിയത്. എന്നാല്‍, അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇനിയൊരു സമരത്തിലും പങ്കെടുക്കരുതെന്ന് കുടിയിലെ ഗോത്ര നേതാക്കള്‍ ഈ 4 പേര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണുണ്ടായതെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. ഇവരോട് തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്നും കുടിയിലുള്ളവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഊരുവിലക്കല്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍.

പാല്‍രാജ്, ആനന്ദരാജ്, മോഹനന്‍, മുത്തുകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കുടിയിലെ കാണിയുള്‍പ്പെടെയുള്ളവരോട് പരസ്യമായി മാപ്പ് പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു. നേരത്തേ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവന്‍ ആളുകളും ചേര്‍ന്ന് കഴിഞ്ഞ ജൂണ്‍ 5നും 6 നും ബോഡിമെട്ടില്‍ നിന്ന് സൂര്യനെല്ലിയിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം അരിക്കൊമ്പനെ തിരികെ കൊണ്ടു വരാന്‍ ഭീമഹര്‍ജി നല്‍കാനെന്ന പേരില്‍ ചിലര്‍ കുടിയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ചു. എന്നാല്‍ അരിക്കൊമ്പനെ തിരികെ കൊണ്ടുവരുന്നതോടൊപ്പം ചിന്നക്കനാല്‍ മേഖലയിലെ വനഭൂമിയില്‍ നിന്ന് ആളുകളെ കുടിയിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഈ ഹര്‍ജിയില്‍ എഴുതി ചേര്‍ത്തുവെന്നാണ് കുടിയിലുള്ളവര്‍ ആരോപിക്കുന്നത്.

തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുടിയിറക്കാനുള്ള നീക്കം നടത്തിയ മൃഗസ്‌നേഹികളുടെ സംഘടനകളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും അരിക്കൊമ്പന്‍ വിഷയത്തില്‍ ഇനി ഇടപെടേണ്ടെന്നും കുടിയിലുള്ളവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അവഗണിച്ച് 4 പേര്‍ തിരുവനന്തപുരത്ത് മൃഗസ്‌നേഹികള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതാണ് ഊരുവിലക്കിന് കാരണമായത്. എന്നാല്‍ സമുദായ സംഘടന യോഗത്തിനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതെന്നാണ് ഊരുകൂട്ടത്തിന്റെ നടപടി നേരിട്ടവര്‍ പറയുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: