പച്ചക്കറികളിലെ കീടബാധ തടയാൻ ഇതാ ചില എളുപ്പ വഴികൾ.പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും.കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും.
- ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, ഇഞ്ചിത്തൊലി ഇവയൊക്കെ നാലഞ്ചു ദിവസത്തേത് ഒരു പാത്രത്തിൽ എടുത്ത് മൂടത്തക്ക വെള്ളമൊഴിച്ച് ഒരാഴ്ച്ച അടച്ചുവച്ച ശേഷം അത് അരിച്ചെടുത്ത് നേർപ്പിച്ച് തളിച്ചു കൊടുക്കാം. ആഴ്ചയിൽ 2 ദിവസം ഇങ്ങനെ തളിച്ചു കൊടുത്താൽ ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.
- ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക.അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും.
- ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.