ദില്ലി: പ്രതിപക്ഷമുയർത്തുന്ന വിഷയങ്ങളും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക പാർലമെൻറ് സമ്മേളനത്തിനു മുൻപായി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കും. കോൺഗ്രസ് നയരൂപീകരണ സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കണമെന്ന തീരുമാനമെടുത്തത്. നേരത്തെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് നയരൂപീകരണ സമിതിയിൽ പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനം കേന്ദ്ര സർക്കാർ വിളിച്ച് ചേർത്തിരിക്കുന്നത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പലതരം അഭ്യൂഹങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തുടക്കം കുറിച്ചിരിക്കുന്നത്. അദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനയാണ്. നേരത്തെ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും ഈ കാര്യം പറഞ്ഞിരുന്നു. രണ്ടാമതായി ഉയരുന്ന അഭ്യൂഹം ഒരു പ്രധാനപ്പെട്ട ബില്ല് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. ഒരു പ്രധാനപ്പെട്ട ബില്ല് കൊണ്ടുവരുകയും അതിൻമേൽ രാജ്യസഭയിലും ലോക്സഭയിലും ചർച്ച നടത്തുകയും ചെയ്യുകയെന്നതും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കാര്യമാണ്. ഇനി വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പുകൾ നടന്ന ശേഷമെ പാർലമെന്റ് സമ്മേള്ളനം വിളിക്കാൻ കഴിയു എന്നുള്ളതാണ് കാരണം.