തിരുവനന്തപുരം: റോഡ് ക്യാമറ കേടായാല്‍ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെല്‍ട്രോണില്‍ നിന്നു പിഴയീടാക്കണമെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം. റോഡ് ക്യാമറയില്‍ ഉപകരാര്‍ നല്‍കിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്നുള്ള വിവാദത്തില്‍നിന്നു തലയൂരാന്‍ കെല്‍ട്രോണുമായി മോട്ടര്‍വാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് ഈ നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പ് വയ്ക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് അന്തിമ ചര്‍ച്ചയില്‍ അറിയിക്കുന്നതിനാണ് കെല്‍ട്രോണിന്റെ നീക്കം.
ചെറിയ ചില വിട്ടുവീഴ്ചകള്‍ വരുത്തി പരിഷ്കരിച്ചുള്ള കരാറിന്റെ കരട് കെല്‍ട്രോണ്‍ നേരത്തേ ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. പഴയകരാറില്നിന്നു വലിയ വിട്ടുവീഴ്ച ചെയ്താല്‍ കെല്‍ട്രോണിനു നഷ്ടമുണ്ടാകുമെന്നതിനാല്‍ മോട്ടര്‍ വാഹനവകുപ്പ് പറയുന്നതുപോലെ കരാറില്‍ വലിയ പൊളിച്ചെഴുത്തിന് കെല്‍ട്രോണ്‍ തയാറല്ലെന്നും വ്യക്തമാക്കിയിരുന്നു.
കണ്ട്രോള് റൂമുകള്‍ തകരാറിലായാല്‍ മുന്‍കരാര്‍ പ്രകാരം 1000 രൂപയാണ് ആഴ്ചയില്‍ കെല്‍ട്രോണ്‍ പിഴയടയ്ക്കേണ്ടത്. ഇതു വര്‍ധിപ്പിക്കണമെന്നു മോട്ടര്‍ വാഹനവകുപ്പ് പറഞ്ഞതിനാല്‍ ഇരട്ടിപ്പിഴയാകാം എന്ന നിര്‍ദേശമാണ് കെല്‍ട്രോണ്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് മോട്ടര്‍വാഹന വകുപ്പിന്റെ നിലപാട്. 14 കണ്ട്രോള് റൂമുകള്‍ക്കു മാത്രം പോരാ ഈ പിഴയെന്നും ഓരോ ക്യാമറാ യൂണിറ്റിനും പിഴ വേണമെന്നുമാണ് വകുപ്പിന്റെ നിര്‍ദേശം. 726 ക്യാമറകള്‍ക്കും ഇതു ബാധകമാക്കണം.
ക്യാമറ കേടായാല്‍ അതു പ്രവര്‍ത്തന സജ്ജമാക്കുന്നതുവരെ ഓരോ ദിവസവും 1000 രൂപ വീതം പിഴയീടാക്കണം. എന്നാല്‍, നേരത്തേയുള്ള കരാറില്‍ നിന്നു വലിയ മാറ്റം വരുത്തി ഒന്നും നടക്കില്ലെന്നാണ് കെല്‍ട്രോണ്‍ വാദിക്കുന്നത്. വാഹനമിടിച്ചോ പ്രകൃതിക്ഷോഭത്താലോ ക്യാമറ കേടായാല്‍ അതു നവീകരിക്കുന്നതിനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന നിലപാടില്‍നിന്നു കെല്‍ട്രോണ്‍ പിന്നാക്കം പോകില്ല. ഇത് അംഗീകരിക്കില്ലെന്നാണ് മോട്ടര്‍വാഹന വകുപ്പ് നിലപാട്. ഇതിലൊന്നും വ്യക്തത വരുത്താന്‍ സര്‍ക്കാരിനായിട്ടില്ല.