റിയാദ്: പ്രവാസികള്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങള്‍ക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തില്‍ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയില്‍ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് പുറത്തു വരുന്നത്.
കൈമാറി കിട്ടിയ വാഹനം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തില്‍ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ രാജ്യത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഗണത്തിലുള്ള ഗുളികകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഏഴ് മാസത്തെ തടവിനും ശേഷം നാടുകടത്താനുമായിരുന്നു. ഉത്തരവ്.
ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്ന വ്യക്തി നിയമപ്രകാരം വാങ്ങിയ ഗുളികകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എങ്കിലും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ പ്രവാസി കുരുക്കില്‍പ്പെടുകയായിരുന്നു. ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്നയാള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഗുളികകള്‍ വാങ്ങി കാറില്‍ സൂക്ഷിച്ചത്. എന്നാല്‍ ഇയാള്‍ സൗദി വിട്ട് പുറത്തുപോയതിനാല്‍ കുറിപ്പടി കണ്ടെത്തി അധികൃതരുടെ മുന്നില്‍ ഹാജരാക്കാന്‍ മലയാളിയായ പ്രവാസിയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസില്‍ പ്രതിയായി ശിക്ഷ നേരിട്ടത്.
അതിനാല്‍ തന്നെ മറ്റുള്ളവരുടെ ഉപയോഗത്തിലിരുന്ന വാഹനങ്ങള്‍ കൈമാറി വരുമ്പോള്‍ അവയില്‍ നിയമവിധേയമല്ലാത്ത എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രവാസിയുടെ നിരപരാധിത്വം തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍ ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടില്ല. സാമൂഹിക പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.