KeralaNEWS

”വീഡിയോ ക്ലിപ്പിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധം, ചാണ്ടി ഉമ്മനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം”

കോട്ടയം: ബംഗളൂരുവില്‍ എത്തിയ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ലെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം വാസ്തവ വിരുദ്ധമെന്ന് കെസി ജോസഫ്. ഫെയ്‌സ്ബുക്കിലാണ് കെസി ജോസഫ് കുറിപ്പിട്ടത്. പുതുപ്പള്ളിയില്‍ ഇടതുമുന്നണി പരാജയം ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാല് വോട്ട് അധികം നേടി മുഖം രക്ഷിക്കാനുള്ള സി പി എമ്മിന്റെ അവസാനത്തെ അടവാണിത്. ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്ക് വേണ്ടി ബംഗളൂരുവില്‍ പോയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മിക്കവാറും തവണ താനും എംഎം ഹസനും ബെന്നി ബെഹന്നാനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒറ്റയ്ക്കും കൂട്ടായും ബംഗളൂരുവില്‍ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസ്സ് സംഘടനാ വിഷയങ്ങളും സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ബെംഗളൂരുവിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്ന ചാണ്ടി ഉമ്മന്‍ ആ ദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നില്ല. മരണത്തിന് ഉദ്ദേശം ഒരാഴ്ച മുന്‍പ് ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടടുത്താണ് ഞങ്ങള്‍ ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ആ സമയത്ത് ചികിത്സ നടക്കുകയായിരുന്നു. ഭാര്യയുമായും കുടുംബവുമായും പല കാര്യങ്ങളും സംസാരിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടിയെയും കണ്ടു. അതിന് ശേഷമാണ് തങ്ങള്‍ മടങ്ങിയത്.

ഇതേപ്പറ്റി അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മന്‍ ഞങ്ങളെ കാണുവാന്‍ സമ്മതിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നതും പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളില്‍ നിന്നും അപവാദ പ്രചരണങ്ങളില്‍ നിന്നും സിപിഎമ്മും അവരുടെ സൈബര്‍ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

 

Back to top button
error: