IndiaNEWS

കൂടുതൽ ദൂരം നിർത്താതെ ഓടുന്ന ട്രെയിനെന്ന പദവി തിരുവനന്തപുരം – ന്യൂഡൽഹി രാജധാനിക്ക് നഷ്ടപ്പെട്ടു; ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ

ഭോപ്പാൽ: തിരുവനന്തപുരം ന്യൂഡല്‍ഹി രാജധാനിക്ക് മധ്യപ്രദേശിലെ രത്‌ലം ജംങ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.ഇതോടെ രാജ്യത്ത് ദീര്‍ഘദൂരം ഇടവേളകളില്ലാതെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ എന്ന പദവി തിരുവനന്തപുരം- ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിന് നഷ്ടമായി.

അതിവേഗ ട്രെയിനായ രാജധാനി എക്‌സ്പ്രസിന് വഡോദരക്കും കോട്ടക്കും ഇടയില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചതാണ് കൂടുതല്‍ ദൂരം നിര്‍ത്താതെ പോവുന്ന ഇന്ത്യയിലെ ട്രെയിന്‍ എന്ന റെക്കോഡ് നഷ്ടമാകാൻ കാരണം. നിലവില്‍ ആഴ്ച്ചയില്‍ മൂന്നു തവണ ഓടുന്ന തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്ബര്‍: 12431/12432) വഡോദരക്കും കോട്ടക്കും ഇടയിലെ 528 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂര്‍ 45 മിനിറ്റെടുത്താണ് പൂര്‍ത്തിയാക്കിയിരുന്നത്.

ഇന്ത്യയില്‍ നിര്‍ത്താതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനെന്ന പേര് ഇതോടെ മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനിക്കായിട്ടുണ്ട്. ന്യൂഡല്‍ഹി മുതല്‍ കോട്ട വരെയുള്ള 465 കിലോമീറ്റര്‍ ദൂരം അഞ്ചു മണിക്കൂര്‍ പത്തു മിനിറ്റു കൊണ്ടാണ് മുംബൈ രാജധാനി നോൺസ്റ്റോപ്പായി ഓടിയെത്തുന്നത്.കൂടുതല്‍ യാത്രികര്‍ ഉപയോഗിക്കുന്നുവെന്നു കണ്ടാല്‍ രത്‌ലം ജംങ്ഷനിലെ രാജധാനിയുടെ സ്റ്റോപ് റെയില്‍വേ സ്ഥിരമാക്കും. അങ്ങനെ സംഭവിച്ചാല്‍ മധ്യപ്രദേശിലെ മാത്രമല്ല കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേയും യാത്രികര്‍ക്കും പുതിയ സ്റ്റോപ് അനുഗ്രഹമാവുമെന്നാണ് കരുതപ്പെടുന്നത്.

Back to top button
error: