Lead NewsNEWS

കാർഷിക നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍

കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോള്‍ ഒ രാജഗോപാല്‍ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികള്‍.

രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രമേയം പാസാക്കിയ ശേഷം നടന്ന പത്രസമ്മേളനത്തില്‍ നേരെ വിപരീതമായ നിലപാട് ആണ് രാജഗോപാല്‍ സ്വീകരിച്ചത്.

Signature-ad

പ്രമേയത്തെ എതിര്‍ത്തില്ലെന്നും അനുകൂലിക്കുന്നുവെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതു അഭിപ്രായത്തെ മാനിച്ചു. പ്രമേയം പാസാക്കിയത് ഏകകണ്ഠമായി. സഭയുടെ പൊതുവികാരത്തെ മാനിക്കുന്നു. പ്രമേയത്തിലെ എതിര്‍പ്പുകള്‍ പരസ്യമായി അറിയിച്ചിരുന്നു,- രാജഗോപാല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം കേരളം പാസാക്കി. ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം അംഗീകരിച്ചത്. മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സഭ പറഞ്ഞു. കര്‍ഷക സമരം തുടരുന്നത് കേരളത്തെ ബാധിക്കുമെന്നും സഭയില്‍ പറഞ്ഞു. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

രാജ്യതലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രനിയമം കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നിയമത്തില്‍ കര്‍ഷകര്‍ക്ക് നിയമ പരിരക്ഷയില്ല. കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഉള്ളതാക്കാന്‍ നിയമം കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: