പത്തനംതിട്ട:പാര്‍ഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഉത്രാട സന്ധ്യയില്‍ പുറപ്പെട്ട തിരുവോണത്തോണിക്ക് ആറന്മുള ക്ഷേത്രക്കടവില്‍ ആചാരപരമായ സ്വീകരണം നല്‍കി.
മങ്ങാട്ട് ഭട്ടതിരിക്ക് പിന്നാലെ കാട്ടൂരിലെ 18 നായര്‍ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്കുള്ള ദീപവുമായി തോണിയിലുണ്ടായിരുന്നു.കാട്ടൂര്‍, ചെറുകോല്‍, ഇടപ്പാവൂര്‍, കീക്കൊഴൂര്‍-വയലത്തല പള്ളിയോടങ്ങള്‍ തോണിക്ക് അകമ്ബടി സേവിച്ചു.
നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് തോണി ആറന്മുളയില്‍ എത്തിച്ചത്.വാഴക്കുന്നം നീര്‍പ്പാലം മുതല്‍ തോണി ഉറച്ച സ്ഥലങ്ങളില്‍ നദിയിലിറങ്ങി തോണി കയര്‍ കെട്ടി വലിച്ചാണ് ജലനിരപ്പ് താഴ്ന്ന സ്ഥലങ്ങള്‍ കടത്തിവിട്ടത്. തിരുവോണനാളിൽ അതിരാവിലെ കൈപ്പുഴ കയംതാങ്ങിയിലെത്തിയ തോണിയെ സ്വീകരിക്കാൻ പാര്‍ഥസാരഥിയുടെ 42ഓളം പള്ളിയോടങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
ആറന്മുള ക്ഷേത്രക്കടവില്‍ തോണിയെത്തിയപ്പോള്‍ മേല്‍ശാന്തി കെടാവിളക്കിലെ ദീപം അണച്ച് കാത്തുനിന്നു. മങ്ങാട്ട് അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂരില്‍നിന്ന് വാങ്ങിയ ദീപം ആറന്മുള ക്ഷേത്ര മേല്‍ശാന്തി സ്വീകരിച്ചു. ഇതോടെ തിരുവാറന്മുളയപ്പനുള്ള തിരുവോണ സദ്യവട്ടം ആരംഭിച്ചു. ഓണസദ്യ കഴിക്കാനും ഭഗവാന്‍റെ ദര്‍ശനത്തിനുമായി നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരുന്നത്.