ലഖ്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ 4.15നാണ് സംഭവമെന്നാണ് വിവരം. ലഖ്‌നൗവിനു സമീപം താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മന്ത്രിയുടെ വസതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
യുവാവിന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഒരു റിവോള്‍വര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ പേരിലുള്ളതാണ് ഈ റിവോള്‍വര്‍. വികാസിന്റെ സുഹൃത്താണ് മരിച്ച വിനയ് എന്ന് പോലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു.
അതേസമയം, മന്ത്രിയുടെ മറ്റൊരു മകന്‍ ആകാശ് കിഷോര്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് 2020ല്‍ മരിച്ചിരുന്നു. 2020 ഒക്ടോബറിലാണ് സംഭവം. അതിനുശേഷം ലഹരിവിരുദ്ധ ക്യാംപയിനുകളില്‍ സജീവമായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ലഹരിവിരുദ്ധ പരിപാടയില്‍, ഇതേക്കുറിച്ച് മന്ത്രി തുറന്നു പറഞ്ഞിരുന്നു. മദ്യപാനികള്‍ക്ക് പെണ്‍മക്കളെ കെട്ടിച്ചുകൊടുക്കരുതെന്നും ഈ യോഗത്തില്‍ മന്ത്രി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തേ അസമില്‍ ബി.ജെ.പി എം.പിയുടെ വീട്ടില്‍നിന്ന് പത്തു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. രാജ്ദീപ് റോയിയുടെ കച്ചാര്‍ ജില്ലയിലെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മാതാവ് രണ്ടര വര്‍ഷമായി എം.പിയുടെ വീട്ടിലെ ജോലിക്കാരിയാണ്. കഴുത്തില്‍ തുണി ചുറ്റിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.