KeralaNEWS

”എനിക്ക് രാഷ്ട്രീയമില്ല; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, നെല്ലിന് ആറുമാസമായിട്ടും പണം നല്‍കാത്തത് അനീതി”

കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. താന്‍ കര്‍ഷക പക്ഷത്താണ്. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു. കളമശ്ശേരിയിലെ വേദിയില്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ കുറിച്ചു.

”ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാന്‍ കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണമെന്ന് കൃഷ്ണപ്രസാദ് പറയുമായിരുന്നു. കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ല് സംഭരിച്ച ശേഷം ആറുമാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്ക് തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണയില്‍ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും എന്താണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്? നമ്മളെ ഊട്ടുന്നവര്‍ക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടിവരുന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്”- ജയസൂര്യ പറഞ്ഞു.

Signature-ad

നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പി പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു. ജയസൂര്യ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതായിരുന്നു. ഇതെല്ലാം ജയസൂര്യയെ കൊണ്ട് പറയിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നല്ല തരിക്കഥ ഉണ്ടായിരുന്നു. പക്ഷേ, പടം പൊട്ടിപ്പോയി.- അദ്ദേഹം പറഞ്ഞു.

നടന്‍ കൃഷ്ണപ്രസാദിന് ആറ് മാസമായി സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ‘നടന്‍ കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും എത്തിയത്. 5,568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈക്കോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണ്. എന്നാല്‍ ജയസൂര്യ പറഞ്ഞത് 5,6 മാസമായിട്ടും പണം നല്‍കിയില്ല എന്നായിരുന്നു” – മന്ത്രി വ്യക്തമാക്കി

”സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള സ്റ്റേറ്റ് ഇന്‍സെന്റീവും ഹാന്‍ഡിലിങ് ചാര്‍ജും എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും വലിയ പ്രശ്നവും പ്രയാസവും ഉണ്ടാക്കിയത്. ഇനി കൊടുക്കാനുള്ളത് ഏതാണ്ട് 240 കോടിയോളം രൂപയാണ്. അതില്‍ 138 കോടി രൂപ നല്‍കാമെന്ന് കാനറാ ബാങ്കുമായി പ്രത്യേകം ധാരണയിലെത്തി, അവര്‍ ആ പണം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്”-പി പ്രസാദ് പറഞ്ഞു.

കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ്, മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നും ജയസൂര്യ വിമര്‍ശച്ചിരുന്നു.

 

Back to top button
error: