IndiaNEWS

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്. ഓണം – രക്ഷാ ബന്ധൻ ആ​ഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസ‍ർക്കാർ അറിയിച്ചു. ഉജ്വല യോജന പദ്ധതിയിലുള്ളവർക്കുള്ള 200 രൂപ സബ്സിഡിക്ക് പുറമെയാണിത്.

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെയാണ് അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസർക്കാറിന്റെ ഈ പ്രഖ്യാപനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് ​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്.

Signature-ad

ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിൻറെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിൻറെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

Back to top button
error: