കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍. സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിനാണ് പരാതി നല്‍കിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്.
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബര്‍ ആക്രമണം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.
അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് ചാനലുകളുടെ ലോഗോയും മറ്റും വ്യാജമായി ചേര്‍ത്ത് വന്‍ പ്രചാരണമാണ് നടക്കുന്നത്. ചാനല്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ ആക്രമണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ദുബായില്‍ അംഗീകൃത സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറും പരസ്യങ്ങളും മറ്റും ചെയ്യുന്ന കമ്പനിയുടെ ഉടമയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, അച്ചു ഉമ്മനെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്.