ആലപ്പുഴ: ബന്ധുക്കളും അയല്‍വാസികളുമായവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമന്‍(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. സംഭവത്തില്‍ വിമുക്തഭടന്‍ കുറവന്തറ പ്രസാദി(50)നെ പ്രതിയാക്കി പോലീസ് കേസെടുത്തു.
നെഞ്ചിലും പുറത്തും വെടിയേറ്റ നിലയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ മരിച്ചു. എയര്‍ഗണ്‍ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചതിനാലാണ് മരണത്തിനിടയാക്കുംവിധം പരിക്കേറ്റതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ഇരുകൂട്ടരുടെയും വീടുകള്‍ അടുത്തടുത്താണ്. പ്രസാദും സഹോദരന്‍ ഹരിദാസനും നേരത്തേ മുതല്‍ സോമനുമായി തര്‍ക്കമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും പറയുന്നു. പരസ്പരം വീടുകയറി ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തര്‍ക്കത്തിനിടെയാണ് പ്രതി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനുശേഷം ഓടിപ്പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് രാത്രിയിലും തിരച്ചില്‍ നടത്തി.
മരിച്ച സോമന്‍ മുന്‍പ് വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തി ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചുവന്നത്. സുമതിയാണു ഭാര്യ. പ്രതി ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് സി.പി.എം. നേതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള വിവരം അന്വേഷിച്ചുവരികയാണെന്നാണു പോലീസ് പറയുന്നത്.