KeralaNEWS

അപ്രതീക്ഷിത വരള്‍ച്ചയില്‍ പകച്ച് റാന്നി

റാന്നി: 2018,19-ലെ ആഗസ്റ്റ് മാസം റാന്നിക്കാർ ഒരിക്കലും മറക്കില്ല.റാന്നിയെ മുച്ചൂടും മുടിച്ച വെള്ളപ്പൊക്കമായിരുന്നു ആ വർഷങ്ങളിലെ ആഗസ്റ്റ് മാസത്തിൽ ഉണ്ടായത്.എന്നാൽ ഇന്ന് നേരെ വിപരീതമാണ് റാന്നിയുടെ അവസ്ഥ.

അപ്രതീക്ഷിത വരള്‍ച്ചയില്‍ പകച്ചു നിൽക്കുകയാണ് റാന്നിക്കാർ. പമ്ബാനദിയില്‍ ജലനിരപ്പു താഴുന്നതില്‍ ജനങ്ങൾക്കൊപ്പം ആശങ്കപ്പെട്ട് ജല അതോറിറ്റിയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലദൗര്‍ലലഭ്യത്തിനു സാധ്യതയുള്ളതിനാല്‍ വെള്ളം ശേഖരിച്ചുവച്ച്‌ ഉപയോഗിക്കണമെന്നും പരമാവധി ഉപയോഗം കുറയ്ക്കണമെന്നുമാണ് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മുന്നറിയിപ്പ്.

 പമ്ബാനദിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വെച്ചൂച്ചിറ, പെരുനാട്, വടശേരിക്കര, അടിച്ചിപ്പുഴ, ഐത്തല, റാന്നി മേജര്‍, അങ്ങാടി എന്നീ പദ്ധതികളിലാണ് ജലദൗര്‍ലഭ്യത്തിനാൽ  പ്രതിസന്ധിയിലായിരിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ നിറഞ്ഞൊഴുകേണ്ട പമ്ബാനദിയില്‍ ജലവിതാനം ഇന്ന് തീര്‍ത്തും കുറവാണ്.ഇടവപ്പാതിയിലും ‍കര്‌ക്കടകത്തിലും ഇവിടെ കാര്യമായ മഴ ലഭിച്ചില്ല. ചിങ്ങം പിറന്ന് 10 ദിവസമായിട്ടും മഴയുടെ ലക്ഷണം പോലും കാണാനില്ലാത്ത അവസ്ഥ.

Signature-ad

കടുത്ത ചൂടില്‍ ഉരുകുകയാണ് മലയോരം. രാവിലെ മുതല്‍ വൈകും വരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 33 ഡിഗ്രി വരെയാണ് ചൂട് അനുഭവപ്പെടുന്നത്. ചില സമയങ്ങളിലത് 34 ഡിഗ്രിയിലെത്തുന്നുണ്ട്. താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആറ്റിലെ നീരൊഴുക്ക് വേഗം വലിയുകയാണ്. ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉല്‍പാദനത്തിനു ശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് പമ്ബാനദിയിലും കക്കാട്ടാറ്റിലും നീരൊഴുക്കു നിലനിര്‍ത്തുന്നത്. ഡാമുകളിലും ജലത്തിന്റെ അളവ് കുറയുകയാണ്. വൈദ്യുതി ഉല്‍പാദനത്തിനും പ്രതിസന്ധി നേരിടുന്നു.

 

പമ്ബാനദിയില്‍ ജലവിതാനം കുറയുന്നത് വെച്ചൂച്ചിറ, അങ്ങാടി എന്നീ ജല വിതരണ പദ്ധതികളെയാണ് ആദ്യം ബാധിക്കുക. അടിച്ചിപ്പുഴ, വടശേരിക്കര എന്നീ പദ്ധതികള്‍ക്കു വെള്ളം ലഭ്യമാക്കുന്നതിന് ആറ്റില്‍ തടയണകള്‍ പണിതിട്ടുണ്ട്. മറ്റു പദ്ധതികളില്‍‌ ജലനിരപ്പു നിലനിര്‍ത്താൻ സംവിധാനമൊന്നുമില്ല. നിലവിലെ പദ്ധതികള്‍ വിപുലീകരിക്കാതെ ജല്‍ജീവൻ മിഷൻ പദ്ധതിയില്‍ കൂടുതല്‍ ഗാര്‍ഹിക കണക്‌ഷനുകള്‍ നല്‍കുന്നത് ജല വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം മഴ പെയ്യുക മാത്രമാണ്. കാലാവസ്ഥ വ്യതിയാനം മൂലം എന്നത്തേക്കു മഴ പെയ്യുമെന്ന് വ്യക്തമായ ഉറപ്പില്ലാത്തതിനാൽ നിലവിൽ ജലനിയന്ത്രണം മാത്രമാണ് ഏക പോംവഴി.

Back to top button
error: