ചുണ്ടേൽ റോമൻ കാത്തലിക് എൽ പി സ്കൂളിലെക്കുള്ള രണ്ടു മൈൽ ദൂരം താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ് ആ സത്യം ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ വില്ലൻ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് — കാറ്റായി, മഴയായി, തവളയായി, പൂച്ചയായി ….
ആയിടക്കൊരിക്കൽ കല്പറ്റയിൽ നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ തീർച്ചയായി : ജീവിച്ചിരിപ്പില്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും ? യേശുദാസ് ഒരു സങ്കൽപ്പമല്ലെന്നു മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്. ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി `കുരുവിക്കൂട്’ സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്ര ധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ. ദേവഗിരി കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ്–ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷെ പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റിക്കാർ തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റി വിട്ടില്ല അവർ . നിരാശയോടെ തിരിച്ചു പോരുമ്പോൾ പരമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൽക്കിടയിലൂടെ കാറ്റിൽ ഇടയകന്യകേ എന്ന പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു.
പിന്നീട് ഒരു ഓണക്കാലത്തെ സംഗീത പരിപാടിയിലാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. തരംഗിണിയുടെ കാസറ്റ് വഴി ഓണപ്പാട്ടുകൾ ഹിറ്റായി നിൽക്കുന്ന സമയമാണ്.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്ക് സിനിമ ഏറെ മാറി; സിനിമാ സംഗീതവും.യേശുദാസിന്റെ പാട്ടുകൾ കേട്ട് ആസ്വദിച്ചും അവ പകർന്നു നൽകിയ വൈവിധ്യമാർന്ന അനുഭൂതികളിൽ ബാല്യത്തിലെ ഏകാന്ത ദുഃഖങ്ങൾ മുഴുവൻ അലിയിച്ചുകളഞ്ഞും വളർന്നു വന്നിരുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തെ കുറിച്ച് എഴുതുമായിരുന്നോ എന്നു പോലും സംശയം. ഇന്നും ആ ശബ്ദം, ആ ഗാനങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്
(സോഷ്യൽ മീഡിയയിൽ വായിച്ചത്)