NEWSPravasi

സൗദി റിയല്‍ എസ്റ്റേറ്റ് രംഗത്തെ പെണ്‍പുലി; അസ്മയെ പരിചയപ്പെടാം

റിയാദ്: അടുക്കളയേക്കാള്‍ തൊട്ടാല്‍ കൈപൊള്ളുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് സൗദി വനിത അസ്മ അല്‍ഷെഹ്രി ഈ രംഗത്തേക്ക് ചുവടുവച്ചത്. സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് കാത്തിരിക്കാതെ തന്നെ ലഭ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തന്റേതായ ഇടം വെട്ടിപ്പിടിച്ച അസ്മ ഇന്ന് രാജ്യത്തെ നിരവധി വനിതാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു.

സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിമിതിയില്ലെന്നും ബ്രോക്കറായി തന്നെ സ്വീകരിക്കാന്‍ ചില ഇടപാടുകാര്‍ വിസമ്മതിച്ചതിനാല്‍ തുടക്കത്തില്‍ തിരസ്‌കരണവും പക്ഷപാതവും നേരിടേണ്ടി വന്നതായും അസ്മ പറഞ്ഞു. എന്നാല്‍ കാലംമാറിയതോടെ പുരുഷ കുത്തകയായിരുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് രംഗത്ത് വനിതകളും സാന്നിധ്യമറിയിച്ചു. സ്ത്രീ ബ്രോക്കര്‍മാരെ ഇടപാടുകാര്‍ അംഗീകരിക്കുകയും അവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

Signature-ad

യാദൃശ്ചികമായാണ് അസ്മ ഈ ഫീല്‍ഡില്‍ കരിയര്‍ ആരംഭിച്ചതെന്ന് അസ്മ പറഞ്ഞു. ഫിനാന്‍സിങ് സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം, ചില ഇടപാടുകാര്‍ പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താന്‍ തന്നോട് ആവശ്യപ്പെട്ടു. ഇതോടെയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രൊഫഷനെ കുറിച്ച് ഗൗരവമായി ആലോചിച്ചത്. ‘ക്ഷമയും ഉത്സാഹവും അഭിലാഷവും ഉള്ളവനായിരിക്കണം ബ്രോക്കര്‍. കാരണം, സ്വത്ത് ബുദ്ധിമുട്ടുള്ള ഒരു ചരക്കാണ്’-സൗദി വാര്‍ത്താ വെബ്സൈറ്റായ അഖ്ബാര്‍ 24ന് നല്‍കിയ അഭിമുഖത്തില്‍ അസ്മ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി പുരുഷന്‍ തന്നെ വേണമെന്ന് ഒരു വനിതാ ഇടപാടുകാരി ആവശ്യപ്പെട്ടതാണ് താന്‍ അനുഭവിച്ച വിചിത്രമായ സാഹചര്യങ്ങളില്‍ ഒന്നെന്നും അവര്‍ അനുസ്മരിച്ചു. കഠിനാധ്വാനത്തിലൂടെ പുതിയ മേഖലകളും നേട്ടങ്ങളും വെട്ടിപ്പിടിക്കുമ്പോള്‍ അതിന് പ്രത്യേക ആസ്വാദ്യതയുണ്ടെന്നും അസ്മ പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സൗദി അറേബ്യയില്‍ വനിതാ ശാക്തീകരണത്തിന് ഭരണകൂടം വലിയ പരിശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജ്യത്തിന്റെ നിയമനിര്‍മാണ സമിതിയായ 150 അംഗ ഷൂറ കൗണ്‍സിലില്‍ വനികള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഈ രംഗത്തെ വിപ്ലകരമായ ചുവടുവയ്പായിരുന്നു. വിവിധ മേഖകളിലെ പ്രഗല്‍ഭരായ 30 വനിതകളെ ശൂറ കൗണ്‍സിലില്‍ നിയമിച്ചുകൊണ്ട് 2013ല്‍ അന്നത്തെ ഭരണാധികാരി അബ്ദുല്ല രാജാവാണ് ചരിത്രമെഴുതിയത്.

സ്ത്രീകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുകയും നിശ്ചിത മേഖലകളില്‍ സ്വദേശി വനിതാവല്‍ക്കരണം നടപ്പാക്കുകയും ചെയ്തു. 2018ല്‍, രാജ്യം അതിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കി. പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം സല്‍മാന്‍ രാജാവ് അവസാനിപ്പിച്ചു.

കഴിഞ്ഞ ജനുവരിയില്‍ സല്‍മാന്‍ രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 സൗദി നയതന്ത്ര പ്രതിനിധികളില്‍ രണ്ട് വനിതാ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ ഈ രംഗത്ത് വളരെ നേരത്തേ തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല റിയാദിലാണ് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടിലേറെയായി സൗദിയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്.

 

 

 

Back to top button
error: