IndiaNEWS

വിരമിക്കാനൊരുങ്ങുന്ന ഇ.ഡി. ഡയറക്ടറെ വിടമാട്ടേന്‍? ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫന്‍സ് (സി.ഡി.എസ്.), നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍.എസ്.എ.) എന്നിവയ്ക്ക് സമാനമായി ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഓഫ് ഇന്ത്യ (സി.ഐ.ഒ.) എന്ന തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇ.ഡി മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സഞ്ജയ് കുമാര്‍ മിശ്രയായിരിക്കും ഈ പദവിയിലേക്ക് എത്തുകയെന്നാണ് സൂചനകള്‍

ഇത് നിലവില്‍ വരുന്നതോടെ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന്റെയും മേധാവിമാര്‍ സി.ഐ.ഒയോട് ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരികയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനോട് നേരിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക.

Signature-ad

2019-ലാണ് മോദി സര്‍ക്കാര്‍ ചീഫ് ഓഫ് ഡിഫന്‍സ് എന്ന തസ്തിക സൃഷ്ടിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാര്‍ സി.ഡി.എസിനോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്‍.എസ്.എയോടുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണമേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നു കിടക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാന്‍ കാരണമെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ ലംഘനങ്ങള്‍ തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകേസുകളാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്. അഴിമതി, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളാണ് സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ വരുന്നത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും തലപ്പത്ത് സി.ഐ.ഒ. എത്തുന്നതോടെ രണ്ട് ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സെക്രട്ടറിയുടെ റാങ്ക് ആയിരിക്കും ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറുടേത്.

ഇ.ഡി. മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്ന സഞ്ജയ് കുമാര്‍ മിശ്രയെയാണ് പ്രഥമ സി.ഐ.ഒ. സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന. സെപ്റ്റംബര്‍ 15 വരെയാണ് ഇ.ഡി. മേധാവിസ്ഥാനത്ത് തുടരാന്‍ മിശ്രയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്. മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.

 

 

 

 

Back to top button
error: