NEWSWorld

പ്രിഗോഷിന്റെ വിമാനം തകര്‍ന്നുവീണതെന്ന് റഷ്യ, വെടിവെച്ചിട്ടതെന്ന് വാഗ്‌നര്‍; ദുരൂഹത തുടരുന്നു

മോസ്‌കോ: റഷ്യയില്‍ സായുധ അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. വിമാനം തകര്‍ന്നുവീണതാണെന്നാണ് റഷ്യന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാല്‍, പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ചെറുവിമാനം വ്യോമപ്രതിരോധവിഭാഗം വെടിവെച്ചിടുകയായിരുന്നെന്ന വാദവുമായി വാഗ്‌നര്‍ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണ്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫ്‌ളൈറ്റ് ട്രാക്കിങ്ങ് ഡാറ്റയനുസരിച്ച് 30 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹം സഞ്ചരിച്ച വിമാനം 28,000 അടി ഉയരത്തില്‍ നിന്നും 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചു. അതേസമയം, തകര്‍ച്ചയുടെ മുന്‍പ് വരെ വിമാനത്തിന് സാങ്കേതികമായി തകരാറുകളൊന്നുമില്ലായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Signature-ad

പ്രിഗോഷിന്‍ ഉള്‍പ്പെടെ 10 പേരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ഇതില്‍ വാഗ്‌നര്‍ സഹസ്ഥാപകന്‍ ദിമിത്രി ഉത്കിനും ഉള്‍പ്പെടുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം കുഷന്‍കിനോ ഗ്രാമത്തിനു സമീപമാണ് തകര്‍ന്നുവീണത്.

അതിനിടെ, വിമാനം തകര്‍ന്നുവീഴുന്നതിന്റെ ചില ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആകാശത്ത് നിന്ന് തകര്‍ന്ന് വിമാനം താഴേക്ക് പതിക്കുന്നതായാണ് ദൃശ്യങ്ങള്‍. ശേഷം തറയിലിടിച്ച് വിമാനം പൂര്‍ണമായും തീപിടിക്കുന്നതായിട്ടും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനത്തിന്റേതുതന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍. യുക്രൈന്‍ യുദ്ധത്തിലടക്കം റഷ്യക്കുവേണ്ടി മുന്‍നിരയില്‍നിന്ന് പോരാടിയത് പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്‌നര്‍ കൂലിപ്പട്ടാളമായിരുന്നു. യുദ്ധത്തില്‍ വാഗ്‌നറിന് ആള്‍നാശമടക്കം വലിയ തിരിച്ചടി നേരിട്ടതോടെ പ്രിഗോഷിന്‍ റഷ്യന്‍ സൈനികനേതൃത്വത്തിനെതിരേ തിരിഞ്ഞു. യുദ്ധമുഖത്ത് പോരാടാന്‍ വേണ്ടത്ര വെടിക്കോപ്പുകളും ആയുധങ്ങളും നല്‍കാതെ പട്ടാളക്കാരെ മരിക്കാന്‍ വിടുകയാണെന്നായിരുന്നു ആരോപണം. സൈനിക മേധാവി വലേറി ഗെരാസിമോവിനെയും പ്രതിരോധമന്ത്രി സെര്‍ഗെയി ഷൊയിഗുവിനെയും പ്രിഗോഷിന്‍ നിരന്തരം വിമര്‍ശിച്ചു. പിന്നാലെ ബഹ്‌മുതില്‍നിന്ന് സേനയെയും പിന്‍വലിച്ചു.

തുടര്‍ന്ന് ജൂണ്‍ 27-ന് റഷ്യന്‍ സൈനികനേതൃത്വത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വാഗ്‌നര്‍ സൈന്യം റഷ്യയിലേക്കു നീങ്ങിയതോടെയാണ് പ്രിഗോഷിന്‍ റഷ്യന്‍ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ നേതൃത്വത്തില്‍നടന്ന മധ്യസ്ഥചര്‍ച്ചയിലൂടെയാണ് പ്രിഗോഷിന്‍ നീക്കത്തില്‍നിന്ന് പിന്മാറിയത്. വാഗ്‌നര്‍ സംഘത്തിനെതിരായ നിയമനടപടികളും കരാറിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു.

Back to top button
error: