ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്ബില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
അണ്ഡാശയത്തില്‍ ചില അസുഖങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16-നാണ് ശ്വേതയെ ആലുവ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നല്കി. 9.45-ന് ഇവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായി.തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞു. ഓക്സിജൻ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതിനിടെ മസ്തിഷ്ക മരണം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം.സി.എ. ആശുപത്രിയില്‍ അനസ്തേഷ്യ കൊടുത്തതില്‍ വന്ന പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ നെടുമ്ബാശ്ശേരി പോലീസില്‍ പരാതി നല്കി.
ഫാക്ടിലെ താത്കാലിക ചുമട്ടുതൊഴിലാളിയായ വിഷ്ണു ഒന്നര വര്‍ഷം മുൻപാണ് ശ്വേതയെ വിവാഹം കഴിച്ചത്. മാള എരവത്തൂര്‍ പിച്ചച്ചേരില്‍ പറമ്ബില്‍ ബാബു, ബിന്ദു ദമ്ബതിമാരുടെ മകളാണ്. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.