തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിൽ ഓണം ഉത്സവബത്ത നൽകും.
38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്.
അതേസമയം ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്.ഓണമാകുമ്പോൾ രണ്ട് മാസത്തെ പെൻഷൻ കിട്ടുമെന്ന സന്തോഷവും സമാധാനവുമാണ് വയോജനങ്ങൾ പങ്കു വെക്കുന്നത്. രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുകയാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ 60ലക്ഷത്തോളം ആളുകൾക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്. അല്ലലില്ലാതെ സ്വന്തം നിലയിൽ ഓണം ആഘോഷിക്കാൻ വയോജനങ്ങൾക്കായി 1,762 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.