തൃശൂര്‍: ചൂണ്ടലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. വൈകിട്ട് 7.15നു പഴുന്നാന ചൂണ്ടല്‍ റോഡില്‍ വച്ചാണ് കാര്‍ കത്തിയത്. പഴുന്നാന കരിമ്പനക്കല്‍ വീട്ടില്‍ ഷെല്‍ജിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യുണ്ടായ് ഇയോള്‍’ കാറാണ് കത്തി നശിച്ചത്. ഷെല്‍ജിയും മകനും സഹോദരന്റെ മക്കളുമായിരുന്നു കാറില്‍.
ഓടിക്കൊണ്ടിരിക്കെ മുന്‍ വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ഇതു കണ്ടു കാര്‍ നിര്‍ത്തി ഷെല്‍ജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ള കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കുന്നംകുളത്തു നിന്നു അഗ്‌നിശമന സേന എത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പറവൂരിലും ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 17 നു ഉച്ചയ്ക്കു നഗരത്തിലെ അമ്മന്‍കോവില്‍ റോഡിലാണു സംഭവം. ചെറായി കുറുപ്പംകടവില്‍ ഗോപകുമാറിന്റെ കാറാണു കത്തിയത്. ഗോപകുമാര്‍ ഉള്‍പ്പെടെ 4 പേര്‍ ചെറായിയില്‍നിന്നു പറവൂരിലേക്കു വരികയായിരുന്നു.
പെന്റാ പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപമെത്തിയപ്പോള്‍ കാറില്‍നിന്നു പുക ഉയര്‍ന്നതോടെ വാഹനം അമ്മന്‍കോവില്‍ റോഡിലേക്കു കയറ്റി നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണു തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കത്തിയ കാറിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലെ ബ്രേക്ക് ലൈറ്റ് ഉരുകി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.