IndiaNEWS

ഉടക്കിട്ട് എഎപി, ചാഞ്ചാടി എന്‍സിപി; ‘ഇന്ത്യ’യില്‍ പടലപ്പിണക്കങ്ങള്‍ പടരുന്നു, അനുനയശ്രമങ്ങള്‍ തുടരുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. സഖ്യത്തിന്റെ മൂന്നാം യോഗം നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ സഖ്യം വിടുമെന്ന് ഭീഷണി മുഴക്കി ആം ആദ്മി പാര്‍ട്ടി. എന്‍സിപി നേതാവ് ശരത് പവാറിന്റെ ചാഞ്ചാട്ടം മഹാരാഷ്ട്രയിലും സഖ്യത്തില്‍ അസ്വസ്ഥകള്‍ക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം ലാംബ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ സഖ്യവുമായി സഹകരിക്കില്ലെന്ന് എ.എ.പി. വക്താവ് പ്രിയങ്കാ കക്കറും പറഞ്ഞതോടെ സഖ്യത്തിലെ വിള്ളല്‍ വെളിച്ചത്തുവന്നു. ഇതിനേത്തുടര്‍ന്നാണ് എ.ഐ.സി.സി. നേതൃത്വം വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്. സഖ്യകാര്യം യോഗത്തില്‍ സംസാരവിഷയമായില്ലെന്നും അത് ഹൈക്കമാന്‍ഡിന്റെ പണിയാണെന്നും ഡല്‍ഹിയുടെ ചുമതലയുള്ള ദീപക് ബബാരിയ പറഞ്ഞു. ലാംബ അത്തരം സുപ്രധാനകാര്യങ്ങള്‍ പറയാന്‍ അധികാരപ്പെട്ട വക്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

സഖ്യ രൂപീകരണം മുതല്‍ തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിന് താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പ് മൂലം ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഡല്‍ഹി, പഞ്ചാബ് ഘടക നേതാക്കളെ അനുയയിപ്പിച്ച ശേഷം ദേശീയ തലത്തിലുള്ള താത്പര്യം മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഓര്‍ഡിനന്‍സ് ബില്ലില്‍ എഎപിക്ക് പിന്തുണ നല്‍കിയത്.

കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമാണ് ബംഗളൂരുവില്‍ നടന്ന ഇന്ത്യ സഖ്യ യോഗത്തില്‍ എഎപി പങ്കെടുത്തതും. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന അല്‍ക്ക ലാംബയുടെ പ്രസ്താവന സഖ്യത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. ലാംബയുടെ പ്രസ്താവന എ.എ.പി. നേതൃത്വത്തെ ചൊടിപ്പിച്ചതോടെ ഡല്‍ഹി നേതാക്കളെ വീണ്ടും വിളിച്ചുവരുത്തി എഐസിസി പരസ്യ പ്രസ്താവനകളില്‍ നീരസം അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പി.യെ ഏഴ് മണ്ഡലങ്ങളിലും തോല്‍പ്പിക്കാന്‍ എ.എ.പിയുമായി കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ താത്പര്യം. വിട്ടുവീഴ്ച വേണമെന്നാണ് രാഹുലിന്റെയും നിലപാടെന്നറിയുന്നു. എന്നാല്‍, ഡല്‍ഹിയില്‍ എ.എ.പിയുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്.

സമാന സ്ഥിതിയാണ് പഞ്ചാബിലും കോണ്‍ഗ്രസ് നേരിടുന്നത്. ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കാളികളായെങ്കിലും പഞ്ചാബില്‍ അവരുമായി സഖ്യംവേണ്ടെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗയെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

കേരള മോഡല്‍ വേണമെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും വിശാല പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യില്‍ സഖ്യകക്ഷികളാണെങ്കിലും കേരളത്തില്‍ രണ്ട് മുന്നണികളായിട്ടാണ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. സമാനമായ മോഡലാണ് പഞ്ചാബിലും വേണ്ടതെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് എഎപി പഞ്ചാബില്‍ അധികാരത്തിലേറിയത്. പഞ്ചാബില്‍ എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കി. ലോക്‌സഭയിലും നിയമസഭയിലും പഞ്ചാബില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കണം. അല്ലാതിരുന്നാല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുക അസാധ്യമായിരിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ഇതിനിടെ, മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ ബിജെപിക്കൊപ്പം പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ‘ഇന്ത്യ’ സഖ്യത്തില്‍ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ശരദ് പവാര്‍ തുടര്‍ച്ചയായി കൂടിയാലോചനകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.

ബിജെപിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങളെ ശരദ് പവാര്‍ തള്ളിയിട്ടുണ്ടെങ്കിലും എന്‍സിപിയെ മാറ്റിനിര്‍ത്തിയാണ് കോണ്‍ഗ്രസ്-ശിവസേന ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ നടത്തി വരുന്നത്. ഓഗസ്റ്റ് 13-ന് ശരദ് പവാര്‍ അജിത് പവാറിനെ കണ്ടതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്-ശിവസേനാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി മഹാവികാസ് അഘാഡിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.

തന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസ്-ശിവസേന നേതാക്കള്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ശരദ് പവാര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറുമായി നടത്തി കൂടിക്കാഴ്ചയില്‍ ഒരു രഹസ്യവും ഇല്ലെന്നാണ് പവാറിന്റെ വിശദീകരണം.

പവാര്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയിലാണ് അജിത് തന്നെ കാണാന്‍ വന്നതെന്ന് പറഞ്ഞ പവാര്‍, ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള ബിജെപിയുടെ നേതൃത്വമുള്ള സര്‍ക്കാര്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

 

Back to top button
error: