KeralaNEWS

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍

ആലപ്പുഴ: ഓളപ്പരപ്പിന്റെ ഒളിംപിക്‌സായ നെഹ്റു ട്രോഫി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാരായി. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമത്. യു.ബി.സി. കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാമത്. കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ നാലാമതും എത്തി. അലന്‍, എയ്ഡന്‍ കോശി എന്നിവരാണ് വീയപുരത്തെ നയിച്ചത്. ചമ്പക്കുളം 4.21.28 മിനിറ്റിലും, നടുഭാഗം ചുണ്ടന്‍ 4.22.22 മിനിറ്റിലും കാട്ടില്‍തെക്കേതില്‍ 4.22.63 മിനിറ്റിലും ഫൈനല്‍ പൂര്‍ത്തിയാക്കി.

Signature-ad

രണ്ടാം ഹീറ്റ്സില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ചമ്പക്കുളം ഫൈനലില്‍ രണ്ടാമതെത്തിയത്. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തതിനെത്തുടര്‍ന്നാണ് ചമ്പക്കുളം ഫൈനലില്‍ എത്തുന്നത്. കേരളാ പോലീസ് കഴിഞ്ഞ തവണ ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞ് നാലാമതായിരുന്നു. അവര്‍ ഇത്തവണയും നാലാം സ്ഥാനത്താണ്.

കഴിഞ്ഞ തവണ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാമതായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടര്‍ച്ചയായ നാലാം വിജയമാണ്. കഴിഞ്ഞ തവണ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്.

ആദ്യ ഹീറ്റ്സില്‍നിന്ന് വീയപുരം ചുണ്ടന്‍, രണ്ടാം ഹീറ്റ്സില്‍നിന്ന് നടുഭാഗം ചുണ്ടനും ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സില്‍നിന്ന് മഹാദേവികാട് കാട്ടില്‍തെക്കേതിലും ഫൈനലില്‍ എത്തിയിരുന്നു. വീയപുരം 4.18 മിനിറ്റിലും നടുഭാഗം 4.24 മിനിറ്റിലും ചമ്പക്കുളം 4.26 മിനിറ്റിലും മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 4.27 മിനിറ്റിലുമായിരുന്നു ഹീറ്റ്സ് പൂര്‍ത്തിയാക്കിയത്.

സമയം പരിഗണിച്ചപ്പോള്‍ നാലും അഞ്ചും ഹീറ്റ്സില്‍ മത്സരിച്ചവരില്‍നിന്ന് ആരും ഫൈനലില്‍ എത്തിയിരുന്നില്ല. അതേസമയം, രണ്ടാം ഹീറ്റ്സില്‍നിന്ന് നടുഭാഗത്തിന് പുറമേ മികച്ച സമയം കണക്കിലെടുത്ത് ചമ്പക്കുളം ചുണ്ടനും ഫൈനലില്‍ എത്തി.

മൂന്നാം ലൂസേഴ്സ് ഫൈനലില്‍ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ഒന്നാമതെത്തിയിരുന്നു. രണ്ടാം ലൂസേഴ്സ് ഫൈനലില്‍ കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ഒന്നാമത്തെത്തി. ഒന്നാം ലൂസേഴ്സ് ഫൈനലില്‍ എന്‍.സി.ഡി.സി. കൈപ്പുഴമുട്ട് കുമരം തുഴഞ്ഞ നിരണം ചുണ്ടന്‍ ഒന്നാമത്തെത്തി.

നേരത്തെ നടന്ന ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ മൂഴി ഒന്നാമത്തെത്തി. ചുരുളന്‍ ഇനത്തില്‍ ഫൈനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂഴിക്ക് പുറമേ വേലങ്ങാടന്‍, കോടിമത ചുരുളന്‍ വള്ളങ്ങളും മത്സരിച്ചിരുന്നു. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ തുരുത്തിപ്പുറവും ഇരുട്ടുകുത്തി സി ഗ്രേഡില്‍ വടക്കുംപുറവും ഒന്നാമതെത്തി. വെപ്പ് ബി ഗ്രേഡില്‍ പി.ജി. കരിപ്പുഴ ജേതാക്കളായി.

Back to top button
error: